തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) ഗവർണർ നേരിട്ട് നിയമിച്ച വി.സി ഡോ. കെ. ശിവപ്രസാദ് തന്റെ ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അജണ്ടയെച്ചൊല്ലി അംഗങ്ങളുമായി വാഗ്വാദത്തിനുശേഷം യോഗം നിർത്തിവെക്കുന്നെന്ന് അറിയിച്ചാണ് യോഗാധ്യക്ഷൻ കൂടിയായിരുന്ന വി.സി ഇറങ്ങിപ്പോയത്. സർവകലാശാലയിൽനിന്ന് പണാപഹരണത്തിന് സസ്പെൻഷനിൽ കഴിയുന്ന ജീവനക്കാരനെ സംബന്ധിച്ച് അന്വേഷണസമിതി തയാറാക്കിയ റിപ്പോർട്ട് ചർച്ചചെയ്യുന്നത് സംബന്ധിച്ചാണ് യോഗത്തിൽ തർക്കമുണ്ടായത്.
റിപ്പോർട്ട് തന്റെ പരിശോധനക്കുശേഷമേ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ചചെയ്യാനാകൂവെന്നായിരുന്നു വി.സിയുടെ നിലപാട്. എന്നാൽ, കോൺഗ്രസ് സംഘടന നേതാവായ പ്രവീണിനെതിരെ സീനിയർ ഗവ. പ്ലീഡറായ അഡ്വക്കറ്റ് കമീഷൻ സമർപ്പിച്ച റിപ്പോർട്ട് സിൻഡിക്കേറ്റ് പരിഗണിക്കണമെന്ന ഹൈകോടതി നിർദേശം അവഗണിച്ച് മുന്നോട്ടുപോകാനാണ് വി.സി ശ്രമിച്ചതെന്ന് സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു. സി.പി.എം നേതാവും മുൻ എം.പിയുമായ പി.കെ. ബിജു, സച്ചിൻ ദേവ് എം.എൽ.എ എന്നീ അംഗങ്ങളും വി.സിയും തമ്മിൽ വാഗ്വാദവും നടന്നു. ഒടുവിൽ യോഗം പിരിച്ചുവിടുന്നെന്ന് അറിയിച്ച് വി.സി ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ, സിൻഡിക്കേറ്റംഗങ്ങൾ യോഗത്തിൽ തുടർന്നു. പിന്നാലെ യോഗം നിർത്തിവെച്ചതായി അറിയിച്ചും യോഗത്തിൽ തുടർന്നതിന് കാരണംകാണിക്കാൻ നിർദേശിച്ചും സർവകലാശാല രജിസ്ട്രാർക്ക് വി.സി നോട്ടീസ് നൽകി. യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാനാകില്ലെന്ന് വി.സി അറിയിച്ചു.
സിൻഡിക്കേറ്റംഗങ്ങൾ യോഗം തുടർന്നത് ചട്ടവിരുദ്ധമാണെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി വി.സി ചാൻസലറായ ഗവർണർക്ക് റിപ്പോർട്ട് നൽകി. സർവകലാശാല സ്റ്റാറ്റ്യൂട്ട് വ്യവസ്ഥപ്രകാരമാണ് സിൻഡിക്കേറ്റംഗം വിനോദ് കുമാർ ജേക്കബിന്റെ അധ്യക്ഷതയിൽ യോഗം തുടർന്നതെന്ന് അംഗങ്ങൾ വ്യക്തമാക്കി. സർവകലാശാല നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് വി.സിയുടെ നടപടിക്ക് കാരണം. മറ്റ് സർവകലാശാലകളിൽനിന്ന് വ്യത്യസ്തമായി സാങ്കേതിക സർവകലാശാലയിൽ രജിസ്ട്രാർ ഉൾപ്പെടെ സ്റ്റാറ്റ്യൂട്ടറി ഓഫിസർ സിൻഡിക്കേറ്റംഗങ്ങളാണ്. അതിനാൽ ഈ ഉദ്യോഗസ്ഥരെ യോഗത്തിൽനിന്ന് തടയാൻ വി.സിക്കാകില്ലെന്നും അംഗങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.