മന്ത്രി ജലീലിനും എൽ.ഡി.എഫിനും എതിരെയുള്ളത് ഖുർആൻ വിരുദ്ധ പ്രക്ഷോഭം -കോടിയേരി

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനും എൽ.ഡി.എഫിനും എതിരെ നടക്കുന്നത് ഖുർആൻ വിരുദ്ധ പ്രക്ഷോഭമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. ഖുർആൻ വിരുദ്ധ -ആർ.എസ്.എസ് പ്രക്ഷോഭങ്ങൾക്ക് മുസ് ലിം ലീഗ് തീ പകരുന്നു. അധികാര മോഹത്തിൽ ലീഗ് എല്ലാം മറക്കുന്നുവെന്നും പാർട്ടി മുഖപത്രത്തിൽ "ഖുർആനോടോ" എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ആരോപിക്കുന്നു.

മോദി രാജ്യം ഭരിക്കുമ്പോൾ കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരാൻ പാടില്ലെന്ന് നിയമമുണ്ടോ എന്നും അത് രാജ്യദ്രോഹകുറ്റമാകുമോ എന്നും കോടിയേരി ചോദിക്കുന്നു. വഖഫ് ബോർഡ് മന്ത്രി എന്ന നിലയിലാണ് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടത്. റമദാൻകാല ആചാരത്തിന് അനുകൂലമായാണ് ജലീൽ പ്രവർത്തിച്ചത്. ലീഗും കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ചാണ് ഈ നീക്കം നടത്തുന്നത്. നേരത്തെ, കോ.ലി.ബി സഖ്യം ഉണ്ടായിരുന്നു. സമാനമായ സഖ്യത്തിലേക്ക് പോകുന്നുവെന്നും കോടിയേരി പറയുന്നു.

യു.ഡി.എഫ്-ആർ.എസ്.എസ് പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങും. സ്വർണക്കടത്തിന്‍റെ പേര് പറഞ്ഞ് എൽ.ഡി.എഫ് സർക്കാറിനെതിരെ നടത്തുന്ന അരാജക സമരത്തിന്‍റെ അർഥശൂന്യത കേരളീയർ മനസിലാക്കുന്നു. ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽ.ഡി.എഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതു കൊണ്ടാണ്. ഖുർആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാർക്ക് ഒരേ സമീപനമാണെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.