തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ച സ്വയം വിമർശനത്തോടെ തിരുത്തുമെന്ന് മന്ത്രി ഡോ.കെ.ടി. ജലീൽ. സാേങ്കതിക സർവകലാശാലയുടെ ആദ്യബാച്ച് ബി.ടെക് ഫലം സംബന്ധിച്ച ‘മാധ്യമം’ വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എൻജിനീയറിങ് മേഖലയിലുണ്ടാക്കിയ ശ്രദ്ധേയ മാറ്റങ്ങൾക്കും േനട്ടങ്ങൾക്കുമിടയിലും കോളജുകളുടെ മോശം പ്രകടനം കാണാതിരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
ഒരു കുട്ടിപോലും വിജയിക്കാത്ത രണ്ട് കോളജുകൾ സംസ്ഥാനത്തുണ്ട്. 10 ശതമാനത്തിൽ താഴെ വിജയമുള്ള കോളജുകൾ പത്തെണ്ണമുണ്ട്. 144ൽ 112 കോളജുകളുടെയും വിജയം 40 ശതമാനത്തിൽ താഴെയാണ്. ഇതിൽ മൂന്ന് സർക്കാർ കോളജുകളും 13 സർക്കാർ നിയന്ത്രിത കോളജുകളുമുണ്ട്. 60 ശതമാനത്തിന് മുകളിൽ വിജയമുള്ളത് ഏഴ് കോളജുകൾക്ക് മാത്രമാണ്. ആദ്യബാച്ചിൽനിന്ന് അഞ്ച് ശതമാനം വിദ്യാർഥികൾ കൊഴിഞ്ഞുപോയതായും മന്ത്രി പറഞ്ഞു.
പഠനനിലവാരം ഉയർത്തുന്നതിന് പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പരിഹാരബോധന ക്ലാസുകൾ ഇൗ വർഷം മുതൽ വ്യവസ്ഥാപിതമാക്കും. പഠനത്തിൽ ബുദ്ധിമുട്ട് നേരിട്ട് ബി.ടെക് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് നിശ്ചിത ക്രെഡിറ്റ് നേടിയാൽ മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ തുടർപഠനം പൂർത്തിയാക്കി ബി.വോക് ഡിഗ്രി നേടാനാകും.
ഇതുവഴി ബി.ടെകിന് ചേർന്ന് ബിരുദമില്ലാതെ പുറത്തുപോകുന്ന അവസ്ഥ ഒരുപരിധിവരെ ഒഴിവാക്കാനാകും.
എൻജിനീയറിങ് കോഴ്സുകളിൽ ചേരുന്നവരിൽ ഭൂരിഭാഗവും ആൺകുട്ടികളാണെങ്കിലും വിജയശതമാനത്തിൽ പിറകിലാണ്. സാേങ്കതിക സർവകലാശാലയുടെ ആദ്യ ബി.ടെക് ബാച്ചിൽ പരീക്ഷയെഴുതിയ ആൺകുട്ടികളിൽ 25.5 ശതമാനത്തിന് മാത്രമേ വിജയിക്കാനായുള്ളൂ. എന്നാൽ പെൺകുട്ടികളിൽ 51.2 ശതമാനം വിജയിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.