കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം കൗൺസിലർ വി.കെ. നിഷാദ് പരോൾ ചട്ടം ലംഘിച്ച് പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിലും പങ്കെടുക്കാൻ പാടില്ല എന്നാണ് പരോൾ ചട്ടം. കുഞ്ഞികൃഷ്ണനെതിരായ സി.പി.എം പ്രതിഷേധ പരിപാടിയിലാണ് നിഷാദ് പങ്കെടുത്തത്. പ്രതിഷേധ പ്രകടനം കഴിഞ്ഞ ശേഷമാണ് നിഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചുകയറിയത്. നിഷാദ് പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അച്ഛന് അസുഖമാണെന്ന് പറഞ്ഞാണ് നിഷാദ് പരോളിലിറങ്ങിയത്. കേസിൽ 20 വർഷത്തെ തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ ഒരുമാസം മാത്രമാണ് ജയിലിൽ കിടന്നത്. 2012 ആഗസ്റ്റ് ഒന്നിന് പയ്യന്നൂർ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണ് ശിക്ഷിച്ചത്.
വി.കെ. നിഷാദ്, ടി.സി.വി നന്ദകുമാർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡിഷനൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്. കൊലപാതക ശ്രമം ബോംബേറ് അടക്കമുള്ള കുറ്റങ്ങളിലാണ് ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് വി.കെ നിഷാദ്. 2012ൽ പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ. നിലവിൽ പയ്യന്നൂർ മുൻസപാലിറ്റി കൗൺസിലറും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂർ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളിൽ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വർഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.
ഡിസംബർ 26നാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറ് ദിവസത്തെ പരോൾ അനുവദിച്ചത്. ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ പരോൾ അനുവദിച്ചത് വിവാദമായിരുന്നു. സ്വാഭാവിക പരോൾ എന്നാണ് ജയിൽ അധികൃതർ അറിയിച്ചത്. ഈ പരോൾ കാലാവധി അവസാനിച്ചതോടെയാണ് ജയിൽ ഡി.ജി.പി തന്നെ പരോൾ നീട്ടി. അതിന് പിന്നാലെ സർക്കാർ ഇടപെട്ട് മൂന്നാമതും പരോൾ നീട്ടി നൽകി.
തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മുനിസിപ്പാലിറ്റി മൊട്ടമ്മൽ വാർഡിൽ നിന്ന് സി.പി.എം സ്ഥാനാർഥിയായി നിഷാദ് മത്സരിച്ച് വിജയിച്ചിരുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ജയിലിലായെങ്കിലും നിഷാദിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.