ദേശസാത്കൃത റൂട്ടിലെ സ്വകാര്യ പെര്‍മിറ്റ്: കെ.എസ്.ആര്‍.ടി.സി ഉറച്ച നിലപാടില്‍, സര്‍ക്കാറിന് തണുപ്പന്‍ പ്രതികരണം

തിരുവനന്തപുരം: 31 ദേശസാത്കൃത  റൂട്ടുകളിലെ സ്വകാര്യ പെര്‍മിറ്റ് നിര്‍ത്തലാക്കണമെന്നതില്‍  കെ.എസ്.ആര്‍.ടി.സി ഉറച്ച  നിലപാടെടുക്കുമ്പോള്‍, സര്‍ക്കാറിന് തണുപ്പന്‍ പ്രതികരണം. ഈ റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയാല്‍ പ്രതിദിനം നാലു കോടിയുടെ വരുമാനവര്‍ധന ഉണ്ടാവുമെന്ന് മാനേജ്മെന്‍റ് ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം 120 കോടി ഈ ഇനത്തില്‍ ലഭിക്കുന്നതോടെ സ്ഥാപനത്തിന്‍െറ  പ്രതിസന്ധിക്ക് വലിയൊരളവില്‍ പരിഹാരവുമാകും. ദേശസാത്കൃത റൂട്ടില്‍, നിശ്ചയിക്കപ്പെട്ട ദൂരപരിധിയില്‍ കൂടുതല്‍   ഓടുന്ന സ്വകാര്യ ബസുകളില്‍നിന്ന് പ്രതിമാസം 5000 രൂപ സെസായി  ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ടും കോര്‍പറേഷന്‍ സര്‍ക്കാറിന് കത്ത് നല്‍കിയെന്നാണ് വിവരം.പെര്‍മിറ്റ് റദ്ദാക്കുന്നതു മൂലം ജോലി നഷ്ടപ്പെടുന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ കാര്യമുന്നയിച്ച് വിഷയം വഴി തിരിച്ചുവിടാനാണ് ഇടതുമുന്നണിയിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം. അതാണ് സര്‍ക്കാറിന്‍െറ മെല്ളെപ്പോക്കിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതുമൂലം ഗതാഗത വകുപ്പിന് സ്വതന്ത്രമായി തീരുമാനമെടുക്കാനും കഴിയുന്നില്ല.  

2006 മേയില്‍  യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് അസാധരണ വിജ്ഞാപനത്തിലൂടെ ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യ പെര്‍മിറ്റുകളെ സംരക്ഷിക്കാന്‍ നീക്കമുണ്ടായത്. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതു  റദ്ദാക്കുകയും ദേശസാത്കൃത റൂട്ടുകള്‍ സംരക്ഷിക്കുന്നതിന് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി  2009 ജൂലൈ 14 ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2006 മേയ് ഒമ്പതിനു ശേഷമുള്ള ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യപെര്‍മിറ്റുകള്‍ അസാധുവാകും, അതിനു മുമ്പുള്ള  സ്വകാര്യ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി  ആവശ്യപ്പെടുന്ന മുറക്ക് ഒഴിവാക്കും തുടങ്ങിയ  വ്യവസ്ഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, 2016 ഫെബ്രുവരിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പുതിയ നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം  സ്വകാര്യ ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന പേരില്‍ എത്ര ദൂരവും ഓടാന്‍ അനുവാദവും നല്‍കി. നിലവിലെ 140 കിലോമീറ്റര്‍ എന്ന ദൂരപരിധി ഒഴിവാക്കുകയും ചെയ്തു. 2013ല്‍  ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയതുമൂലം പെര്‍മിറ്റ് നഷ്ടപ്പെട്ട 241 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനായിരുന്നു ഈ ചട്ടംഭേദഗതി. ഇതിനെതിരെയെല്ലാം ശക്തമായ നിലപാടെടുത്ത ഇടതുനേതാക്കളാണ് ഇപ്പോള്‍ നിസ്സംഗത പുലര്‍ത്തുന്നത്. 
News Summary - ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.