പി.ആർ ശ്രീജേഷിന് ആദരം ഒരുക്കി കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ ബസ്

പി.ആർ. ശ്രീജേഷിന് ആദരവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം; ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷിന് ആദരവുമായി കെ.എസ്.ആർ.ടി.സി. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി.ആർ‌ ശ്രീജേഷിന്‍റെ നേട്ടങ്ങൾ പുതുതലമുറക്ക് പ്രചോദനകരമാകുന്നതിന് വേണ്ടി ശ്രീജേഷിന്‍റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസ് ന​ഗരത്തിൽ സർവീസ് നടത്തും. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ "ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം" എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.

മാനുവൽ ഫ്രെഡറിക് എന്ന മലയാളിക്കു ശേഷം ഒളിമ്പിക്സ് മെഡൽ നേടുന്ന മലയാളിയായി പി.ആർ ശ്രീജേഷ് മാറുമ്പോൾ നിറവേറുന്നത് മലയാളിയുടെ 48 വർഷം നീണ്ട കാത്തിരിപ്പിനാണ്. മികച്ച സേവുകളുമായി കളം നിറഞ്ഞു കളിച്ച ശ്രീജേഷ് എന്ന മലയാളി ഗോൾകീപ്പർക്ക് ഭാരതത്തിന്‍റെ ഈ അനിർവചനീയമായ നേട്ടത്തിൽ വലിയ പങ്ക് വഹിക്കാനായി. അത് മലയാളികളെ മുഴുവൻ അറിയിക്കുന്നതിന് വേണ്ടിയാണ് കെ.എസ്.ആർ.ടി.സി ഈ ഉദ്യമം ഏറ്റെടുത്തത്.


കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ ഐ.എ.എസ് മുന്നോട്ട് വെച്ച ആശയം കെ.എസ്.ആർ.ടി.സിയിൽ പുതുതായി രൂപവൽക്കരിച്ച കമേഴ്സ്യൽ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിന്‍റെ ഡിസൈൻ പൂർണമായും നിർവഹിച്ചത് കെ.എസ്.ആർ.ടി.സി ജീവനക്കാരനായ എ.കെ. ഷിനുവാണ്. മികച്ച രീതിയിൽ ബസിൽ ചിത്രങ്ങൾ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാർ, നവാസ്, അമീർ എന്നിവരാണ്. ഈ പദ്ധതിക്ക് സിറ്റി യൂണിറ്റ് ഓഫീസർ ജേക്കബ് സാം ലോപ്പസ്, എ.ഡി.ഇ നിസ്താർ എന്നിവരും പിന്തുണ നൽകി. കേരളത്തിൽ നിന്നും ഇനിയും അനേകം ശ്രീജേഷുമാർ ഉയർന്നു വരാൻ കെ.എസ്.ആർ.ടി.സിയുടെ ഈ പ്രോത്സാഹനം സഹായകകരമാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.



Tags:    
News Summary - KSRTC pays tribute to PR Sreejesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.