ഹൈകോടതിയെ വെല്ലുവിളിച്ച് കെ.എസ്.ആർ.ടി.സി എം. പാനൽ ജീവനക്കാരെ ജോലിക്കയച്ചു

കോഴിക്കോട്: പിരിച്ചുവിട്ട എം. പാനൽ ജീവനക്കാരെ ജോലിക്ക് നിയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി കെ.എസ്.ആർ.ടി.സിയിൽ എം. പാനൽ ജീവനക്കാർ വ്യാപകമായി ജോലിക്കുകയറി. എറണാകുളം കേന്ദ്രമായ സെൻട്രൽ സോണിന് കീഴിലെ ഡിപ്പോകളിലാണ് ഇത്തരത്തിലുള്ള കൂടുതൽ ജീവനക്കാരെ നിയോഗിച്ചത്. സോണൽ മേധാവിയുടെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ജില്ലകളുടെയും ഡിപ്പോകളുടെയും ചുമതല വഹിക്കുന്നവർ മാധ്യമത്തോട് പറഞ്ഞു.

എന്നാൽ അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ലെന്നാണ് സോണൽ മേധാവി പ്രതികരിച്ചത്. മറ്റു സോണുകളിലും സമാന സ്ഥിതിയാണ്. ബസുകൾ മുടങ്ങുന്ന സ്ഥിതിയിൽ മറ്റ് വഴികളില്ലാതെയാണ് കോടതി വിലക്കിയിട്ടും എം പാനലുകാരെ നിയോഗിക്കേണ്ടി വന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അവധിയിലുള്ളവരും മറ്റു ജോലികൾക്കു നിയോഗിച്ചവരുമായ ഡ്രൈവർമാരെയും കണ്ടുക്ടർമാരെയും തിരിച്ചു വിളിച്ചു ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ശ്രമം നടന്നിട്ടുമില്ല.

എം. പാനലുകാരെ നിയമിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിന്‍റെ പിറ്റേന്നുതന്നെ കോടതിയെ വെല്ലുവിളിച്ചത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയേക്കും. നേരത്തെ, പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാതെ താൽക്കാലികക്കാരെ പതിവായി നിയോഗിക്കുന്നതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് എം. പാനലുകാരെ ഒഴിവാക്കണമെന്ന കോടതി വിധിയുണ്ടായത്. ഇതനുസരിച്ച് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ ഏപ്രിൽ 30ന് കോടതി തടഞ്ഞിരുന്നു. ജൂലൈ ഒന്നിന് ശേഷം ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

എം. പാനല്‍ പെയിൻറര്‍മാരുടെ കേസ്പരിഗണിക്കവെ 180 ദിവസത്തിനുശേഷം ജോലി തുടരാന്‍ താൽകകാലിക ജീവനക്കാർക്ക് നിയമപരമായി അര്‍ഹതയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കെ.എസ്.ആർ.ടി.സി നല്‍കിയ ഹരയിലായിരുന്നു ഈ ഉത്തരവ്. താത്ക്കാലിക ജീവനക്കാര്‍ക്ക് നിയമപരമായി അനുവദിച്ച കാലാവധി അവസാനിച്ചാല്‍ പിരിച്ചുവിടണമെന്ന എം. പാനല്‍ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും കേസിലെ സുപ്രീംകോടതി ഉത്തരവും ഉദ്ധരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. ജീവനക്കാര്‍ കുറവുള്ളപ്പോള്‍ പകരക്കാരെ നിയമിക്കാനുള്ള അധികാരം ദുരുപയോഗിച്ചാണ് തുടരാന്‍ അനുവദിക്കുന്നത്.

ഈ അധികാരം എം. പാനലുകാരെ നിലനിർത്താന്‍ തന്ത്രമാക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥിരം നിയമനം നൽകുന്നത് വൻ ബാധ്യതയുണ്ടാക്കുമെന്ന് ആരോപിച്ച് കെഎസ്ആർടിസി പി.എസ്.സി. വഴിയുള്ള നിയമനത്തെ എതിർക്കുകയാണ്. പഠിച്ചു പരീക്ഷ പാസായി ജോലി പ്രതീക്ഷിച്ചിരിക്കുന്ന നൂറുകണക്കിന് പേരുടെ ഭാവിയാണ് ഇതിലൂടെ ഇല്ലാതാവുന്നത്.

Tags:    
News Summary - ksrtc m panel employees to duty-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.