തിരുവനന്തപുരം: അത്യാധുനിക ശ്രേണിയിലുള്ള 100 പുതിയ ബസുകൾ കെ.എസ്.ആർ.ടി.സി പുറത്തിറക്കുന്നു. എട്ട് സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എ.സി എന്നിങ്ങനെയാണ് ബസുകൾ വാങ്ങുന്നത്. കേരളപ്പിറവി ദിനത്തിൽ ആദ്യഘട്ടം ബസുകൾ പുറത്തിറക്കാനാണ് ശ്രമം. 2022 ഫെബ്രുവരിയോടെ മുഴുവൻ ബസുകളും നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ.
ആധുനിക ബി.എസ് 6 ബസുകളാണ് എത്തുന്നത്. ഇതോടെ ദീർഘദൂര യാത്രക്കാരെ കൂടുതലായി ആകർഷിക്കാനുമാകുമെന്നാണ് കരുതുന്നത്. തമിഴ്നാടിന് 140ഉം കർണാടകക്ക് 82ഉം ബസുകളുമാണ് സ്ലീപ്പർ വിഭാഗത്തിലുള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായിരുന്ന പോരായ്മയാണ് പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകുന്നത്. നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ച 50 കോടി രൂപയിൽനിന്ന് 44.64 കോടി ഉപയോഗിച്ചാണ് ബസുകൾ വാങ്ങുക.
വോൾവോ കമ്പനിയിൽ നിന്നാണ് സ്ലീപ്പർ ബസുകൾ വാങ്ങുക. 1.38 കോടി രൂപ നിരക്കിൽ ആകെ 11.08 കോടിയാണ് എട്ട് സ്ലീപ്പറുകൾക്കായി ചെലവ് വരുന്നത്. സെമി സ്ലീപ്പർ വിഭാഗത്തിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്ത അശോക് െലയ്ലൻറിൽനിന്ന് ബസ് ഒന്നിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപക്ക് 20 എ.സി സീറ്റർ ബസുകളും വാങ്ങും. എയർ സസ്പെൻഷൻ നോൺ എ.സി വിഭാഗത്തിൽ അശോക് െലയ്ലൻറിൽനിന്ന് ബസൊന്നിന് 33.78 ലക്ഷം രൂപ മുടക്കിയാണ് 24.32 കോടി രൂപക്ക് 72 ബസുകൾ വാങ്ങുന്നത്.
വോൾവോ ബസുകൾ ബോഡി സഹിതം കമ്പനി നിർമിച്ചുനൽകും. െലയ്ലൻറ് കമ്പനിയുടെ ഉത്തരവാദിത്തത്തിൽ പുറമെകൊടുത്താണ് ബസ് ബോഡി നിർമിക്കുന്നത്. മികച്ച യാത്രാസൗകര്യത്തോടൊപ്പം, മൊബൈൽ ചാർജിങ് പോയൻറ്, കൂടുതൽ ലഗേജ് സ്പെയ്സ്, വൈ-ഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്. നിലവിൽ ദീർഘദൂര സർവിസുകൾക്കായി കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്ന ബസുകൾക്ക് 5 വർഷം മുതൽ 7 വർഷം വരെ പഴക്കമുണ്ട്. 12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ് ബസ് എന്നിങ്ങനെയാണ് ഇപ്പോൾ ദീർഘദൂര സർവിസിനായി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.