കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സർക്കാർ നൽകുന്ന 50 കോടി രൂപ കൊണ്ട് ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്നും ബാക്കി കുടിശ്ശികക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങാൻ കൂപ്പണുകളും നൽകാൻ ഹൈകോടതി ഉത്തരവ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ബോണസും ജീവനക്കാർക്ക് ലഭ്യമാക്കാൻ 103 കോടി രൂപ സർക്കാർ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.
ശമ്പളം നൽകാൻ 50 കോടി രൂപ നൽകാമെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മൂന്നിലൊന്ന് ശമ്പളവും ബാക്കി തുകക്കുള്ള കുപ്പണുകളും സെപ്റ്റംബർ ആറിനകം വിതരണം ചെയ്യണം. സർക്കാർ നിയന്ത്രണത്തിലുള്ള സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർഫെഡ്, മാവേലി സ്റ്റോർ, ഹോർട്ടികോർപ്, ഹാൻടെക്സ്, ഹൻവിവ്, ഖാദി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്. കൂപ്പൺ വേണ്ടെന്ന് പറയുന്നവരുടെ ശമ്പളം കുടിശ്ശികയായി കണക്കാക്കാനും കോടതി നിർദേശിച്ചു. കെ.എസ്.ആർ.ടി.സിയുടെയും സർക്കാറിന്‍റെയും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഈ നിർദേശം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരനായ ആർ. ബാജിയടക്കമുള്ളവർ നൽകിയ ഹരജിയിലായിരുന്നു സർക്കാർ 103 കോടി രൂപ നൽകണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ, കെ.എസ്.ആർ.ടി.സി ജീവനക്കാരും സർക്കാറും തമ്മിൽ തൊഴിലാളി - തൊഴിലുടമ ബന്ധമല്ലെന്നും ജീവനക്കാരെ നിയമിക്കുന്നത് കെ.എസ്.ആർ.ടി.സിയാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. സർക്കാർ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഉചിതമല്ലാത്തതിനാലാണ് ഉത്തരവ് സ്റ്റേ ചെയ്തതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ശമ്പളം പണമായിത്തന്നെ കിട്ടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. തുടർന്ന് അപ്പീൽ ഹരജി വീണ്ടും സെപ്റ്റംബർ 22ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.