കെ.എസ്.ആർ.ടി.സി ടേക് ഓവർ സർവിസുകൾ അടിക്കടി റദ്ദാക്കുന്നു; സ്വകാര്യ മേഖലയുമായി ഒത്തുകളിയെന്ന് ആരോപണം

തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായവുമായി ബന്ധമുള്ളയാൾ ഗതാഗത മന്ത്രിയായതോടെ കെ.എസ്.ആർ.ടി.സി ടേക്ഓവർ സർവിസുകൾ അടിക്കടി റദ്ദാക്കുന്നു. സുപ്രീംകോടതിയിലടക്കം നടന്ന വലിയ നിയമയുദ്ധത്തിനുശേഷം 2014ൽ ഭരണരംഗത്ത് വൻസ്വാധീനമുള്ളവരുടെയടക്കം 241 ദീർഘദൂര സൂപ്പർക്ലാസ് സർവിസുകളാണ് കെ.എസ്.ആർ.ടി.സി ഏറ്റെടുത്തത്. എന്നാൽ കെ.എസ്.ആർ.ടി.സിയിലെ ഓപ്പറേഷൻ വിഭാഗം മേധാവിയടക്കം പല ഉന്നതരുടെയും സഹായത്തോടെ കെ.എസ്.ആർ.ടി.സി ബസുകളുടെ മുന്നിൽ റൂട്ടു നഷ്ടപ്പെട്ട സ്വകാര്യ ബസുകൾ സർവിസ് നടത്താൻ ആരംഭിച്ചതോടെ കേസ് വീണ്ടും കോടതിയിലെത്തി. കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത എല്ലാ സൂപ്പർക്ലാസ് ബസ് സർവിസുകളും മുടങ്ങാതെ ഓടിക്കാൻ ഹൈകോടതി ഉത്തവിട്ടു. സ്വകാര്യ ബസുകൾ സമാന്തരമായി ഓടുന്നത് വിലക്കുകയും ചെയ്തു.

എന്നിട്ടും ഓപ്പറേഷൻസ് വിഭാഗം മേധാവികളുടെ മൗനാനുവാദത്തോടെ ഏറ്റെടുത്ത ബസുകൾക്ക് മുന്നിൽ അനധികൃതമായി സ്വകാര്യബസുകൾ സർവിസ് നടത്തിക്കൊണ്ടിരുന്നു. ടോമിൻ തച്ചങ്കരി സി.എം.ഡി ആയി ചുമതല ഏറ്റെടുത്തതോടെ സ്വകാര്യ ബസുടമകൾക്ക് സഹായം ചെയ്തുവെന്ന പരാതിയെ തുടർന്ന് അന്ന് ഓപ്പറേഷൻസ് ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ തുരുവനന്തപുരം സോണൽ ഓഫിസറായി തരംതാഴ്ത്തുകയും റദ്ദാക്കിയ സൂപ്പർ ക്ലാസ് സർവിസുകൾ പുനരാരംഭിക്കുകയും ചെയ്തു. ഇങ്ങനെ ഒഴിവാക്കിയ ഉദ്യോഗസ്ഥൻ ഇപ്പോൾ ഗതാഗത മന്ത്രിയുടെ ഓഫിസിൽ പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ചീഫ് ട്രാഫിക് ഓഫിസറുടെ ചാർജുവഹിച്ചിരുന്നയാളാണ് സർവിസുകൾ റദ്ദാക്കാൻ വാക്കാൽ നിർദേശം നൽകുന്നത്. രേഖാമൂലം നൽകിയാൽ കോടതിയലക്ഷ്യമാകുമെന്നതിനാലാണിതെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു. നിലവിൽ ഓപ്പറേഷൻസ് വിഭാഗം നിയന്ത്രിക്കുന്ന ഉദ്യോസ്ഥൻ നേരത്തെ തൃശൂർ സോണൽ മേധാവിയായിരുന്നപ്പോൾ തൃശൂർ-കൊടുങ്ങല്ലൂർ – പറവൂർ-എറണാകുളം ജെട്ടി റൂട്ടിലും തൃശൂർ-ഷൊർണ്ണൂർ-പെരിന്തൽമണ്ണ റൂട്ടിലും ലിമിറ്റഡ് ഓർഡിനറി സർവിസുകൾ അനാവശ്യമായി നിർത്തലാക്കിയിരുന്നെന്നും നേതാക്കൾ ആരോപിക്കുന്നു.

സർവിസ് നിർത്തലാക്കുന്നതിനെ എതിർക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായും ആരോപണമുണ്ട്. ഡി.ടി.ഒ പദവിയിലിരിക്കുന്നതും ഒരു വർഷം ചീഫ് വിജിലൻസ് ഓഫിസറായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെ താരതമ്യേന ചെറിയ യൂനിറ്റായ മാളയിലേക്ക് സ്ഥലം മാറ്റിയതാണ് ഇതിനു ഉദാഹണമായി പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ സർവിസുകൾ കെ.എസ്.ആർ.ടി.സിക്കായി ഏറ്റെടുക്കാനും ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാനും പ്രവർത്തിച്ചവരിൽ ഒരാളാണ് ഈ ഉദ്യോഗസ്ഥൻ. കേരളത്തിൽ ഏറ്റവും കൂടുതൽ ടേക്ക് ഓവർ സർവിസുകൾ നടത്തുന്നത് പാലാ യൂനിറ്റിൽ നിന്നാണ്. അവിടെ പുതിയ മേധാവി എത്തിയതോടെ സർവിസ് റദ്ദാക്കൽ കൂടുതൽ കാര്യക്ഷമമായി.

എരുമലി കേന്ദ്രമായി പ്രവർത്തിക്കുന്ന, നിരവധി ബാംഗ്ലൂർ സർവിസുകളുള്ള സ്വകാര്യ ബസുടമക്ക് വേണ്ടിയാണ് സർവിസുകൾ റദ്ദാക്കുന്നതെന്നാണ് സൂചന. ഈ ബസുടമ എരുമേലി-പയ്യാവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി എരുമേലി യൂനിറ്റിന്‍റെ എരുമേലി - ചന്ദനക്കാംപാറ സർവിസിനൊപ്പം അനധികൃത സർവിസ് നടത്തിയിരുന്നു. ഈ സ്വകാര്യ ബസ് പാലായിലെത്തുമ്പോൾ പാലാ-അമ്പായത്തോട് ടേക് ഓവർ സർവിസും ഇതിനൊപ്പം പാലാ മുതൽ തലശേരി വരെ സർവിസ് നടത്തും. ആദ്യം എരുമേലി - ചന്ദനക്കാംപാറ ടേക് ഓവർ സർവിസ് നിർത്താൻ വാക്കാൽ ഉത്തരവെത്തി. തൊട്ടുപിന്നാലെ ഏറെ ലാഭകരമായി പ്രവർത്തിച്ചിരുന്ന എറണാകുളം-ഗുരുവായൂർ-കോഴിക്കോട്-തലശേരി വഴി അമ്പായത്തോടിനുള്ള സർവിസ് റദ്ദാക്കി.

കൊന്നക്കാട് ടേക് ഓവർ സർവിസ്, പഞ്ചിക്കൽ ടേക് ഓവർ സർവിസ് എന്നിവയടക്കം നിരവധി സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നടത്തുന്ന സർവിസ് റദ്ദാക്കലിനു പിന്നിൽ വൻ അഴിമതിയുണ്ടെന്ന് ആരോപിച്ച് വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള തയാറെടുപ്പിലാണ് മലബാറിലെ പാസഞ്ചേഴ്സ് അസോസിയഷൻ.

Tags:    
News Summary - KSRTC frequently cancels take over services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.