ഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഹരജി നൽകി

തിരുവനന്തപുരം: ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ നേമം സ്വദേശിയും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് തിരുവനന്തപുരം ജൂഡീഷ്യൽ കോടതിയിലാണ് ഹരജി സമർപ്പിച്ചത്.

കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് മേയർക്കെതിരായ ഡ്രൈവർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് എം.എൽ.എക്കെതിരായ പരാതി. കോടതി മേൽനോട്ടത്തിലോ നിർദേശത്തിലോ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കുമെതിരെയാണ് പരാതി. കേരള പൊലീസ്, കെ.എസ്.ആർ.ടി.സി എം.ഡി അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ഉത്തരവിട്ടു.

അതേസമയം, കെ.എസ്.ആർ.ടി.സി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കത്തിൽ ബസ് കണ്ടക്ടർ സുബിന്‍റെ മൊഴി കന്‍റോൺമെന്‍റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമായി കണ്ടില്ലെന്ന് സുബിൻ മൊഴി നൽകിയത്. ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചോയെന്നും കാറിനെ ബസ് മറികടന്നോ എന്നും അറിയില്ല. ബഹളമുണ്ടായപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നുമാണ് സുബിൻ മൊഴി നൽകിയത്. 

Tags:    
News Summary - KSRTC driver Yadhu filed a petition in court against the mayor Arya Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.