കൊച്ചി: ബസിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ നീക്കംചെയ്യാത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലംമാറ്റിയ നടപടി ഹൈകോടതി റദ്ദാക്കി.
സ്ഥലംമാറ്റത്തിന് മതിയായ കാരണമില്ലെന്നും ശിക്ഷ നടപടിയുടെ ഭാഗമായേ കാണാനാകൂവെന്നും വിലയിരുത്തിയാണ് കോട്ടയം സ്വദേശിയായ ഡ്രൈവറെ പൊൻകുന്നത്തുനിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ നടപടി റദ്ദാക്കി ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടത്.
പൊൻകുന്നത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ മുൻവശത്തെ ചില്ലിനോട് ചേർന്ന് രണ്ട് കുടിവെള്ളക്കുപ്പികൾ വെച്ചിരിക്കുന്നത് ഒക്ടോബർ ഒന്നിന് യാത്രക്കിടെ നേരിട്ട് കണ്ടെത്തിയതിനെത്തുടർന്ന് ഗതാഗതമന്ത്രി ഇടപെട്ട് നടത്തിയ സ്ഥലംമാറ്റം സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
എട്ടുമണിക്കൂർ തുടർച്ചയായി ഡ്രൈവ് ചെയ്യേണ്ടതിനാലാണ് കുടിവെള്ളം ബസിൽ സൂക്ഷിച്ചതെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
ബസ് വൃത്തിയായി സൂക്ഷിക്കണമെന്ന നിർദേശം ഡ്രൈവർ പാലിച്ചിട്ടില്ലെന്നും സ്ഥലംമാറ്റത്തിൽ മന്ത്രിക്ക് പങ്കില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി വിശദീകരിച്ചത്.
എന്നാൽ, സ്ഥലംമാറ്റിയ നടപടി അധികാര ദുരുപയോഗമാണെന്ന് കോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.