കൽപറ്റ: ഏറെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ് നിലച്ചു. നടത്തിപ്പ് ചുമതല ആന്ധ്രയിലെ സ്വകാര്യ കമ്പനിയായ സിങ്കു സൊല്യൂഷൻസിന് കൈമാറിയതോടെയാണ് പ്രതിസന്ധിയിലായത്.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കൊറിയർ സർവിസിന്റെ സോഫ്റ്റ്വെയർ നവീകരണവും പൂർത്തിയാകാത്തതാണ് കാരണം. സംസ്ഥാനത്തെ മിക്ക ഡിപ്പോകളിലും കൊറിയറും പാഴ്സലുകളും നിലവിൽ സ്വീകരിക്കുന്നില്ല. ഒരാഴ്ച കഴിഞ്ഞേ സേവനം ലഭ്യമാകൂ എന്ന് പറഞ്ഞ് ഉപഭോക്താക്കളെ തിരിച്ചയക്കുകയാണ് അധികൃതർ.
2023 ജൂണിൽ കെ.എസ്.ആർ.ടി.സി തുടങ്ങിയ കൊറിയർ സർവിസ് ഉപഭോക്താക്കൾ ഏറ്റെടുത്തതോടെ ഒരു വർഷത്തിനുള്ളിൽ തന്നെ 1.5 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. 46 ഡിപ്പോകളിലാണ് സർവിസുണ്ടായിരുന്നത്. താൽക്കാലിക കണ്ടക്ടർമാരായി ജോലി ചെയ്തിരുന്നവരെ പരിശീലനം നൽകിയാണ് ഇവിടെ നിയമിച്ചത്. ഇവർക്ക് പുതിയ കമ്പനിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടുള്ള സമ്മതപത്രവും നൽകിയിട്ടുണ്ട്. എന്നാൽ, ഇതിൽ പ്രതിഷേധമുള്ള ജീവനക്കാർ തങ്ങളെ കണ്ടക്ടർ ജോലിയിലേക്ക് തിരികെ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്.
അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ഡോര്‍ ഡെലിവറി എന്നിവയാണ് സ്വകാര്യ കമ്പനി ചെയ്യുകയെന്നാണ് അധികൃതരുടെ വിശദീകരണം. പിന്നെയെന്തിനാണ് സ്വകാര്യ കമ്പനിക്ക് വൻതുക കമീഷൻ നൽകി നടത്തിപ്പ് ചുമതല നൽകിയതെന്നാണ് ജീവനക്കാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.