കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര: ബസുകൾ തിരിച്ചറിയാൻ 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിക്കും

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തിരിച്ചറിയാൻ 'പ്രിയദർശിനി' സ്റ്റിക്കർ ഒട്ടിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. ലാഭനഷ്ടക്കണക്ക് കാണിക്കാനുള്ള പദ്ധതിയല്ല ഇതെന്നും സ്ത്രീകളുടെ വരുമാനത്തിൽ വർധനവുണ്ടാക്കുന്ന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

ഉദ്ഘാടനശേഷം ആദ്യം സർവിസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. 8.30ന് ശേഷമായിരിക്കും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക. ടൗൺ ടു ടൗൺ ഉൾപ്പെടെ ഓർഡിനറി എന്നെഴുതിയ എല്ലാ ബസുകളിലും പദ്ധതി ലഭ്യമാക്കുമെന്നും സിറ്റി ഫാസ്റ്റിൽ സൗജന്യം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെ കുറച്ചു ദൂരം ആദ്യ സർവിസിൽ യാത്ര ചെയ്യും. പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്‌ട്രേഷനോ ആവശ്യമില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യം ലഭിക്കും.

ആദ്യഘട്ടത്തിൽ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ബാധ്യത കെ.എസ്.ആർ.ടി.സിയുടെ ചുമലിൽ വെക്കില്ല. സർക്കാർ ഗ്രാന്റായി പണം നൽകും. രണ്ടു കോടിയിലധികം രൂപ പ്രതിദിനം ഇതിനായി വേണ്ടിവരും. ചെലവുകൾ അറിയാൻ എല്ലാ സ്ത്രീകൾക്കും സീറോ ടിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ധനപരമായി നഷ്ടമാണെന്ന് തോന്നുമെങ്കിലും സ്ത്രീകൾ മിച്ചം വെക്കുന്ന പണം വിപണിയിലേക്ക് എത്തുന്നത് സാമ്പത്തികരംഗത്തിന് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു.

ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പരസ്യങ്ങൾ നൽകുകയും ബസുകൾക്കായി സ്‌പോൺസർഷിപ്പ് നടപ്പാക്കുകയും ചെയ്യും. ഇപ്പോഴുള്ള 58 ഗ്രാമവണ്ടികൾ 500 എണ്ണമാക്കും. ഡിപ്പോകൾ കേന്ദ്രീകരിച്ച് വികസനസമിതി രൂപീകരിക്കുന്ന കാര്യവും ചർച്ചയിലുണ്ട്.

സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. 10 വർഷം മുമ്പ് സ്വകാര്യ ബസുകൾ ഉൾപ്പെടെ 30,000 ബസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 10,000ത്തിൽ താഴെയാണ്. സ്വകാര്യബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അവരോട് ശത്രുതയില്ല. തദ്ദേശസ്ഥാപനങ്ങളെയും ഉൾപ്പെടുത്തി റൂട്ട് റിസർച്ച് നടത്തി സർവിസ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Free travel on KSRTC: 'Priyadarshini' stickers will be affixed to identify buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.