കെ.എസ്.ആർ.ടി.സിക്ക് പിന്നിൽ ടൂറിസ്റ്റ് ബസിടിച്ച് സൗദിയിൽനിന്നെത്തിയ യാത്രക്കാരി മരിച്ചു

അങ്കമാലി: ദേശീയപാത അങ്കമാലി ടൗണിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന ലോ ഫ്ളോർ ബസിന് പിന്നിൽ കർണാടക ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി യുവതി മരിച്ചു.

കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയും, ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയുമായിരുന്ന മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരം കണ്ടൻ വീട്ടിൽ കെ.കെ. ഷാഫിയുടെ ഭാര്യ സലീനയാണ് (38) മരിച്ചത്. ബസിന്‍റെ ചില്ല് തകർന്ന് റോഡിൽ തെറിച്ച് വീണായിരുന്നു മരണം. ബന്ധുക്കളടക്കം ഏതാനും പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

ഞായറാഴ്ച രാവിലെ 5.30നായിരുന്നു അപകടം. രണ്ട് മാസം മുമ്പ് ഉംറക്കെത്തിയ സലീന. ഉംറക്ക് ശേഷം ജിദ്ദയിലുള്ള ഭർത്താവിനൊപ്പം ഏതാനും ദിവസം താമസിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ഗൾഫ് എയറിൽ നെടുമ്പാശ്ശേരിയിലിറങ്ങി. സലീനയെ നാട്ടിലേക്ക് കൂട്ടികൊണ്ടു പോകാൻ സഹോദരിയും കുടുംബവും എത്തിയിരുന്നു. ഇവരോടൊപ്പം നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ലോ ഫ്ളോറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ദുരന്തം.

കെ.എസ്.ആർ.ടി.സി ബസ് വേഗത കുറച്ച് സ്റ്റാൻഡിൽ പ്രവേശിക്കാൻ വലത്തോട്ട് തിരിയുന്നതിനിടെയായിരുന്നു തൃശൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ലോ ഫ്ളോർ ബസിന്‍റെ പിന്നിൽ ഇടതുവശത്തിരിക്കുകയായിരുന്ന സലീന ചില്ല് തകർന്ന് റോഡിലേക്ക് തെറിച്ച് തലതല്ലി വീഴുകയായിരുന്നു. തൽക്ഷണം മരിച്ചു.

സലീനക്കൊപ്പം സഞ്ചരിച്ചിരുന്ന സഹോദരി മലപ്പുറം സ്വദേശികളായ അസ്മാബി (45), ഭർത്താവ് അബ്ദുൽ റഷീദ് (53), മകൻ ഹിലാൽ (എട്ട്) എന്നിവർക്ക് നിസാര പരുക്കേറ്റു. മരിച്ച സലീന എ.ആർ. നഗർ കുറ്റൂർ അരീക്കൽ കുഞ്ഞുമുഹമ്മദിന്‍റെയും, ഫാത്തിമയുടെയും മകളാണ്.

അങ്കമാലി താലൂക്കാശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ പി.എം ബൈജുവിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - ksrtc bus and tourist bus accident at angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.