ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി നഷ്‌ട‌പരിഹാരം നൽകണം; ഹൈകോടതിയിൽ ആവശ്യവുമായി കെ.എസ്.ആർ.ടി.സി

കൊച്ചി: പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന വ്യാപക അക്രമങ്ങളില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്‌തവർ 5.06 കോടി രൂപ നഷ്‌ട‌പരിഹാരം നൽകണമെന്നാണ് ആവശ്യം.

ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈകോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെ.എസ്.ആർ.ടി.സി അപേക്ഷ നല്‍കി.

കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെ.എസ്.ആർ.ടി.സിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സമരത്തിന്‍റെയും ബസുകൾ തകർത്തതിന്‍റെയും ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെ.എസ്.ആർ.ടി.സി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.

നേരത്തെ, ഹർത്താൽ അക്രമങ്ങൾക്കെതിരെ ഹൈകോടതി കർശന നിലപാടെടുത്തിരുന്നു. കെ.എസ്.ആർ.ടി.സിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വിസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതുസംബന്ധിച്ച നടപടികള്‍ക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ഒക്ടോബര്‍ 17നുമുമ്പ് സമര്‍പ്പിക്കണം.

Tags:    
News Summary - KSRTC asks Popular Front to pay Rs 5.06 crore as compensation in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.