തിരുവനന്തപുരം: സമര പ്രഖ്യാപനവുമായി ഭരണപക്ഷ യൂനിയനുകൾകൂടി രംഗത്തിറങ്ങിയതോടെ കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർതലത്തിൽ സജീവ ശ്രമം തുടങ്ങി. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ഗതാഗതമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചയിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ ധനവകുപ്പിൽനിന്ന് സാമ്പത്തിക സഹായം തേടി കെ.എസ്.ആർ.ടി.സി അപേക്ഷ നൽകും.
വായ്പയെടുക്കുന്നതിന് സർക്കാർ ഈട് നിൽക്കണോ അതോ കോർപറേഷന് അധിക ധനസഹായം നൽകണോയെന്ന് ധനവകുപ്പ് തീരുമാനിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ധനമന്ത്രി വെള്ളിയാഴ്ച സംസ്ഥാനത്ത് മടങ്ങിയെത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനമാകും. കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപയുടെ ധനസഹായം സംബന്ധിച്ചാണ് മന്ത്രിതല ചർച്ചയിൽ അനൗപചാരിക ധാരണ ഉണ്ടായത്.
ഈ തുകക്കൊപ്പം സ്വന്തം വരുമാനവും ഉപയോഗിച്ച് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ധനവകുപ്പിൽനിന്ന് സഹായം ഉറപ്പായ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതുവരെ കാത്തിരിക്കാതെ സ്വന്തം വരുമാനത്തിൽനിന്ന് ഭാഗികമായി ശമ്പളം നൽകുന്നതും കെ.എസ്.ആർ.ടി.സി പരിഗണിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വെള്ളിയാഴ്ച ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. അതേസമയം, ശമ്പളം നൽകുന്നതിന് സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന മന്ത്രിയുടെ ഉറപ്പ് ജീവനക്കാർക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.