വേനൽക്കാലത്തേക്ക് അധിക വൈദ്യുതി വാങ്ങലിന് നടപടി

തിരുവനന്തപുരം: വേനൽകാലത്ത് പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യകത മുന്നിൽ കണ്ട് കൂടുതൽ കരാറുകൾക്ക് കെ.എസ്.ഇ.ബി നടപടി തുടങ്ങി. ഫെബ്രുവരി മുതൽ മേയ് വരെ വൈകിട്ട് ആറു മുതൽ 10 വരെ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കഴിഞ്ഞ ദിവസം ടെണ്ടർ ക്ഷണിച്ചു. ഇ-ബിഡിങ് പോർട്ടൽ വഴി ഹ്രസ്വകാല കരാറിലാണ് ഏർപ്പെടുക.

2024ലെ വേനൽകാലത്താണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കാർഡിലെത്തിയത്. ആ വർഷം മേയിൽ പ്രതിദിന ഉപയോഗം 115 ദശലക്ഷം യൂനിറ്റ് കടന്നിരുന്നു. പീക്ക് സമയത്തെ എക്കാലത്തെയും ഉയർന്ന ഉപയോഗമായ 5797 മെഗാവാട്ട് രേഖപ്പെടുത്തിയതും അതേ മാസമാണ്. സമാനമായ വൈദ്യുതി ഉപയോഗം 2025 മാർച്ച്-മേയ് കാലയവളവിൽ പ്രതിക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ചില ദിവസങ്ങളിൽ പ്രതിദിന ഉപയോഗം 105 ദശലക്ഷം യൂനിറ്റ് കടന്നിട്ടും 2024ലേത് പോലുള്ള പ്രതിസന്ധി 2025ൽ ഒഴിവായി. അടുത്തവർഷം വേനൽകാല ആവശ്യകത മുന്നിൽ കണ്ട് വിവിധ കരാറുകളിൽ നേരത്തേ തന്നെ കെ.എസ്.ഇ.ബി ഏർപ്പെട്ടിരുന്നു. ഇതിന് പുറമേയാണ് 200 മെഗാവാട്ടിന്‍റെ ഹ്രസ്വകാല കരാറിനുള്ള നടപടി ആരംഭിച്ചത്.

ആഭ്യന്തര ഉൽപാദനം പരിമിതയായതിനാൽ വൈദ്യുതി ആവശ്യകത ഉയരുന്ന ഘട്ടങ്ങളിൽ ഉയർന്ന വില നൽകി സംസ്ഥാനത്തിന് പുറത്തുള്ള ഉൽപാദകരിൽ നിന്ന് വാങ്ങേണ്ട സാഹചര്യം തുടരുകയാണ്. സോളർ വൈദ്യതോൽപാദനം സംസ്ഥാനത്ത് വലിയതോതിൽ ഉയരുന്നുണ്ടെങ്കിലും പീക്ക് സമയത്തേക്ക് ശേഖരിക്കാൻ കഴിയാത്തതാണ് പ്രശ്നമാവുന്നത്. ഇതിനായി കെ.എസ്.ഇ.ബി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനമടക്കം വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും ഇവ യാഥർഥ്യമാകാൻ കാത്തിരിക്കേണ്ടിവരും.

ബാറ്ററി സംവിധാനം പ്രോത്സാഹിപ്പിക്കുന്ന പുതിയ കരട് പുനരുപയോഗ ഊർജചട്ടം റഗുലേറ്ററി കമീഷൻ പുറത്തിറക്കിയെങ്കിലും ഇത് നിയമക്കുരുക്കിലായി. സോളാർ വൈദ്യുതോൽപാദകരെ ബാധിക്കുന്ന വ്യവസ്ഥകളുള്ള പുതിയ ചട്ടം നടപ്പാക്കുന്നതിനെതിരായ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്.

Tags:    
News Summary - Action to purchase additional electricity for the summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.