കെ.പി.സി.സി യോഗത്തിൽ കർശന നിർദേശം; വൈസ്​ പ്രസിഡന്‍റുമാർ ഇന്ന്​ ജില്ലകളിലേക്ക്​ പോകണം

തിരുവനന്തപുരം: ജില്ലകളുടെ ചുമതലയേൽപ്പിച്ച കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാർ വ്യാഴാഴ്ച തന്നെ അതാത് ജില്ലകളിലെത്തി പ്രവർത്തനം തുടങ്ങണമെന്ന് നേതൃയോഗത്തിൽ കർശന നിർദേശം. 13 സെക്രട്ടറിമാർക്കും ഒപ്പം ട്രഷറർക്കും ജില്ലകളുടെ ചുമതല നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ അതാത് ജില്ലകൾ കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കണമെന്നാണ് നിർദേശം. കെ.പി.സി.സി ട്രഷറർക്ക് ഒരു ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല നൽകുന്നത് ഇതാദ്യമാണ്.

വാർഡുകളിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള യോഗങ്ങൾ സാധ്യമാകും വേഗത്തിൽ വിളിച്ച് ചേർക്കണമെന്നും സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗം തീരുമാനിച്ചു.

ഘടകകക്ഷികളുമായുള്ള സീറ്റ് ധാരണ കഴിഞ്ഞ തവണത്തേത് തന്നെ തുടരാനാണ് തീരുമാനം. ഈ ധാരണ പൊളിയാൻ പാടില്ല, മാത്രമല്ല, ഈ തീരുമാനം പാലിക്കപ്പെടുന്നുണ്ടോ എന്ന് ചുമതലയുള്ള വൈസ് പ്രസിഡന്‍റുമാർ ഉറപ്പുവരുത്തണം. ഈ ധാരണയിൽ ഏതെങ്കിലും സാഹചര്യത്തിൽ മാറ്റം വരുത്തുന്നുവെങ്കിൽ ഉഭയകക്ഷി സമ്മതത്തോടെ മാത്രമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ ജില്ലകളുടെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കി പകരം വൈസ് പ്രസിഡന്‍റുമാരെ നിയോഗിച്ചതിൽ നേതൃയോഗത്തിൽ അതൃപ്തി ഉയർന്നു. ചുമതലയിൽ നിന്ന് നീക്കിയത് മാത്രമല്ല, ജനറൽ സെക്രട്ടറിമാർ അസംബ്ലി മണ്ഡലങ്ങളുടെ ചുമതല നിർവഹിക്കണമെന്ന നിർദേശമാണ് അമർഷത്തിന് ഇടയാക്കിയത്.

ജില്ല ചുമതലയിൽ നിന്നൊഴിവാക്കിയത് തരംതാഴ്ത്തലിന് തുല്യമായെന്ന് ചിലർ ആരോപിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ എങ്ങനെയും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവക്കേണ്ടതുള്ളതിനാൽ കെ.പി.സി.സി നിർദേശം എല്ലാവരും പാലിക്കണമെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതോടെ പ്രധാനപ്പെട്ട 75 അംസബ്ലി മണ്ഡലങ്ങളുടെ ചുമതല ജനറൽ സെക്രട്ടറിമാർ വഹിക്കണമെന്ന ധാരണയിലേക്ക് യോഗമെത്തി.

ആദ്യ പട്ടികക്കൊപ്പം മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിയതോടെ 62 ജനറൽ സെക്രട്ടറിമാരാണ് ഇപ്പോഴുള്ളത്. അതിനാൽ ചില ജനറൽ സെക്രട്ടറിമാർ ഒന്നിലധികം മണ്ഡലങ്ങളുടെ മേൽനോട്ടം വഹിക്കേണ്ടിവരും. ഏതൊക്കെ മണ്ഡലങ്ങൾ, ആർക്കൊക്കെ എന്നത് ഉടൻ വീതം വെച്ച് നൽകും.

എസ്.ഐ.ആറിനെ പ്രത്യക്ഷത്തിൽ ശക്തമായി എതിർക്കുമ്പോഴും നടപടികളുമായി കമീഷൻ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിലും ചർച്ച നടന്നു. വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ പരമാവധി ജാഗ്രതയോടെ ഇടപെടണമെന്നതാണ് പൊതുനിലപാട്. ഈ സാഹചര്യത്തിൽ കൃത്യമായ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി കെ.പി.സി.സിയിലും ഡി.സി.സി തലങ്ങളിലും സംവിധാനങ്ങൾ സജീവമാക്കാനും തീരുമാനിച്ചു.

ജനറൽ സെക്രട്ടറിമാരായി പുതുതായി ഉൾപ്പെടുത്തിയ സൂരജ് രവി, അബ്ദുറഹ്മാൻ കുട്ടി, മുൻ ജനറൽ സെക്രട്ടറി കൂടിയായ മര്യാപുരം ശ്രീകുമാർ എന്നിവരും ബുധനാഴ്ചയിലെ യോഗത്തിൽ പങ്കെടുത്തു. ഡോ.അറിവഴകൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - KPCC strict direction to vice presidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.