തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ നിക്ഷ്പക്ഷ നിലപാട് ആവർത്തിക്കുകയും ഹൈകമാൻഡ് തീരുമാനിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ, മറുഭാഗത്ത് കെ.സി. വേണുഗോപാലിനെ പിന്തുണച്ച രേഖ പരസ്യമായയോടെ തള്ളാനോ കൊള്ളാനോ കഴിയാതെ പ്രതിരോധത്തിൽ കെ.പി.സി.സി പ്രസിഡന്‍റ്. സംസ്ഥാനത്തെ പ്രമുഖരായ രണ്ടു നേതാക്കളും എ.ഐ.സി.സിയിലെ സംഘടനകാര്യ ജനറൽ സെക്രട്ടറിയും മാറ്റുരയ്ക്കുന്ന ചർച്ചകളിൽ നിക്ഷ്പക്ഷനാകേണ്ട പ്രസിഡന്‍റ് പക്ഷംപിടിച്ചത് പുറത്തായതാണ് ജാള്യതക്കാധാരം.
ഫലത്തിൽ നിരീക്ഷകർക്ക് മുന്നിൽ സമർപ്പിച്ച നിർദേശത്തിൽ ഉറച്ചുനിൽക്കാനോ പിൻവലിയാനോ കഴിയാത്ത അവസ്ഥയിലാണ് സണ്ണി ജോസഫ്. ഗ്രൂപ്പ് നീക്കങ്ങൾക്കതീതമായി പ്രവർത്തിക്കേണ്ട കെ.പി.സി.സി അധ്യക്ഷൻ ഗ്രൂപ്പ് പ്രവർത്തനത്തിന് സമാനമായി ഇടപെട്ടെ വിമർശനവും കേൾക്കേണ്ടിവരുന്നു. അതേസമയം, എം.എൽ.എയെന്ന നിലയിലാണ് അഭിപ്രായം രേഖപ്പെടുത്തിയതെന്നും അത് സ്വാഭാവിക അവകാശമാണെന്നുമാണ് ഒപ്പമുള്ളവരുടെ വാദം. അപ്രതീക്ഷിതമായി തെളിവുകൾ പുറത്തുവന്നത് പ്രതിരോധത്തിലാക്കിയെന്ന് അടിവരയിടും വിധമായിരുന്നു അദ്ദേഹം വിവിധ മാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങൾ. താൻ ഒരു പേരിലേക്കെത്തിയിട്ടില്ലെന്നും മൂന്നുപേരുടെയും കാര്യങ്ങൾ പൊതുവായി സൂചിപ്പിച്ചെന്നും വിശദീകരിച്ച സണ്ണി ജോസഫിനോട് കൂടുതൽ ചോദ്യങ്ങളുയർന്നതോടെ ഉത്തരങ്ങളിൽ പരുങ്ങൽ.
പ്രസിഡന്‍റിന്‍റെ അഭിപ്രായമല്ല പുറത്തുവന്ന രേഖയിലുള്ളതെന്ന് പറയാമോ എന്ന് ചാനൽ അഭിമുഖത്തിൽ കുറച്ചുകൂടി കൃത്യമായ ചോദ്യം ഉയർന്നപ്പോൾ ‘അങ്ങനെയല്ല’ എന്നായി സണ്ണി ജോസഫ്.
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എം.എൽ.എമാരുടെ എണ്ണം പ്രധാനമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. രാഷ്ട്രീയം നമ്പറുകളുടെ ഗെയിമാണ്. അതേസമയം, മറ്റു ഘടകങ്ങളും പരിശോധിക്കാം. വലിയ അന്തരമുള്ള നമ്പർ വരുമ്പോൾ എന്തു ചെയ്യണമെന്ന് നേതൃത്വമാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുകുൾ വാസ്നിക് എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആരെയെങ്കിലും കാണിക്കുമോ എന്നായിരുന്നു എം.എൽ.എമാരുടെ പിന്തുണ സംബന്ധിച്ച് പുറത്തുവന്ന ചിത്രത്തെകുറിച്ച ചോദ്യത്തോട് സണ്ണി ജോസഫിന്‍റെ പ്രതികരണം. നിരീക്ഷകരുടെ ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രി തീരുമാനം നേരത്തെയാകുമെന്നാണ് കരുതുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ വിഷമമുണ്ട്. ഇത് നേരത്തേതന്നെ പരിഹരിക്കപ്പെടേണ്ടിയിരുന്നു. ഹൈകമാൻഡിന്‍റെ ഉചിത തീരുമാനത്തിന് കാത്തിരിക്കണം. അതിനുമുമ്പ് അമിതാവേശം കാണിക്കുന്നത് ജനങ്ങളിൽ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. മൂന്ന് നേതാക്കളും കഴിവുതെളിയിച്ചവരാണ്. ജനവികാരം മാനിക്കണം. പാർട്ടി നേതൃത്വം പക്വമായ തീരുമാനമെടുക്കും. സമന്വയത്തിലേക്ക് വരാൻ മൂന്നുപേരും ഒരു മേശക്ക് ചുറ്റുമിരുന്ന് സംസാരിക്കേണ്ടിയിരിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.