തിരുവനന്തപുരം: കോൺഗ്രസിലെ പ്രസിഡന്റ് മാറ്റ ചർച്ചകൾ തൽക്കാലം അവസാനിപ്പിച്ചതിനു പിന്നിൽ വിവാദം പേരുദോഷമാകുമെന്ന വിലയിരുത്തലും ഹൈകമാൻഡ് ഇടപെടലും. രാഷ്ട്രീയകാര്യ സമിതിക്കു ശേഷം തലപ്പത്തെ മാറ്റത്തിന് തത്ത്വത്തിൽ ധാരണയായെങ്കിലും പ്രസിഡന്റിനെ മാറ്റാൻ സംഘടനക്കുള്ളിൽനിന്ന് ആവശ്യമുയർന്നെന്ന വിധം പ്രചാരണം ഉയർന്നതോടെയാണ് ഹൈകമാൻഡ് ഇടപെടലുണ്ടായത്. ഇത്തരം ചർച്ചകളിലും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ വെവ്വേറെ കണ്ടതിലും സുധാകരന് കടുത്ത അതൃപ്തിയുണ്ട്.
അദ്ദേഹം ഇക്കാര്യം ദേശീയ നേതൃത്വത്തെയും അറിയിച്ചു. പ്രസിഡന്റിനെതിരെ ഏകപക്ഷീയ നീക്കങ്ങൾ നടക്കുന്നെന്ന വികാരം കോൺഗ്രസിനുള്ളിൽ ഒരു വിഭാഗത്തിലുണ്ട്. സുധാകരൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുമ്പോഴുള്ളതിനെക്കാൾ പരിക്ക് അദ്ദേഹത്തെ ഇപ്പോൾ മാറ്റിയാലുണ്ടാകുമെന്നും നേതൃത്വം തിരിച്ചറിഞ്ഞു. സർക്കാറിനെ നിയമസഭയിലും പുറത്തും രാഷ്ട്രീയമായി പ്രതിപക്ഷം കടന്നാക്രമിക്കുമ്പോൾ കോൺഗ്രസിലെ പുനഃസംഘടന പ്രശ്നങ്ങൾ ഉന്നയിച്ചാണ് ഭരണപക്ഷം തിരിച്ചടിക്കുന്നത്. ഈ സാഹചര്യത്തിലെ പ്രസിഡന്റ് മാറ്റം എതിരാളികൾക്ക് ആയുധമാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ടായി. ഇതാണ് പ്രസിഡന്റ് മാറ്റ ചർച്ചകൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണം. രണ്ട് മാസത്തിനുള്ളിൽ പുനഃസംഘടന കാര്യത്തിൽ ധാരണയുണ്ടാകുമെന്നാണ് സൂചന. പുനഃസംഘടന വരുമ്പോൾ സുധാകരന് ദേശീയതലത്തിൽ ഉചിതമായ സ്ഥാനം നൽകിയേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.