കേരളത്തിന്‍റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ല: കെ.പി.എ മജീദ്

കോഴിക്കോട്​: അക്രമ രാഷ്ട്രീയം മുസ്‍ലിം ലീഗിന്‍റെ നയമല്ലെന്ന് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ലീഗി​െൻറ ദൗത്യവും നിയോഗവും തിരിച്ചറിഞ്ഞ് ഈ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തുള്ളത്. വർഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ എന്നും നിലപാട് സ്വീകരിച്ച പാർട്ടിയാണ് ലീഗ്. ആരെങ്കിലും ഈ നിലപാടിനെതിരെ പ്രവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാവില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പാർട്ടിയെ അടച്ചാക്ഷേപിക്കാൻ ആര് ശ്രമിച്ചാലും അത് കേരളത്തിൽ വിലപ്പോകില്ല. ലീഗിനെ ലക്ഷ്യമിടുന്ന സിപിഎമ്മി​െൻറയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ലെന്നും മജീദ് പറഞ്ഞു.

കാഞ്ഞങ്ങാട് സംഭവത്തിൽ കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് റിപ്പോർട്ട് വന്ന ഉടൻ പാർട്ടി പുറത്താക്കിയിട്ടുണ്ട്. ദാരുണമായ ആ കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. നാടിന്റെ പുരോഗതിക്ക് വേണ്ടത് മാന്യമായ രാഷ്ട്രീയ പ്രവർത്തനമാണ്. സമുദായത്തിനകത്തും പുറത്തും സൗഹൃദവും നാട്ടിൽ സമാധാനവുമാണ് ലീഗ് ആഗ്രഹിക്കുന്നത്. ലീഗിന്റെ ചരിത്രവും സ്വഭാവവും അതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‌മാൻ ഔഫിന്‍റെ വീട് സന്ദർശിച്ച് പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത് ഈ സന്ദേശം തന്നെയാണെന്നും കെപിഎ മജീദ് വ്യക്തമാക്കി.

അക്രമികളെ സംരക്ഷിക്കലും കൊലക്കേസ് പ്രതികളായ പാർട്ടിക്കാർക്ക് വേണ്ടി കേസ് വാദിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ എറിയുന്നതുമൊക്കെ ആരുടെ പണിയാണെന്ന് ഇവിടെ എല്ലാവർക്കുമറിയാം. നാട്ടിൽ സമാധാനം പുലരുന്നതിന് ലീഗ് എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പാർട്ടിയെ അടച്ചാക്ഷേപിക്കാൻ ആര് ശ്രമിച്ചാലും അത് കേരളത്തിൽ വിലപ്പോകില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും അംഗീകാരവും നേടിയാണ് ലീഗ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെ കാലമായി കേരളത്തിൽ പ്രവർത്തിക്കുന്നത്. കേരളം അകറ്റി നിർത്തുന്ന എസ്.ഡി.പി.ഐക്കാരെയും ബി.ജെ.പിക്കാരെയും നാലു വോട്ടിന് വേണ്ടി കൂടെ നിർത്താൻ മടികാട്ടാത്ത സി.പി.എമ്മാണ് ലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, തികഞ്ഞ വർഗീയ മുതലെടുപ്പിനു വേണ്ടി ഒരു രാഷ്ട്രീയ മര്യാദയും പാലിക്കാതെയാണ് മുഖ്യമന്ത്രി ലീഗിനെതിരെ തിരിഞ്ഞതെന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി.

ഗെയിൽ സമരത്തിലും ദേശീയപാത സമരത്തിലും പങ്കെടുത്തവരെ തീവ്രവാദികളാക്കിയ, ആലപ്പാട്ട് കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന് പറഞ്ഞ പാർട്ടിയിൽ നിന്ന് മര്യാദ പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണെന്നറിയാം. തങ്ങളെ പിന്തുണക്കാത്തവരെയെല്ലാം വർഗീയവാദികളും തീവ്രവാദികളുമാക്കി ബി.ജെ.പിയുടെ റോൾ കേരളത്തിൽ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ സി.പി.എമ്മാണ്. ലീഗിനെ ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം തിരിച്ചറിയുമെന്നും കെപിഎ മജീദ് പറഞ്ഞു.

Tags:    
News Summary - kpa majeeds reply to pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.