ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം: തുരങ്കപാതയുടെ സാധ്യത പഠിക്കാൻ വിദഗ്ധ സമിതി

കൽപറ്റ: രാത്രിയാത്രാ നിരോധനത്തിന് പരിഹാരത്തിനായി ബന്ദിപ്പൂർ കാനനപാതക്ക് ബദലായി തുരങ്കപാതയുടെ സാധ്യത പഠിക്കാൻ വിദഗ്ധ സമിതി. കേന്ദ്ര ഗതാഗത വകുപ്പിന്റെയും റെയിൽവേ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപവത്കരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രിയങ്ക ഗാന്ധി എം.പിയെ അറിയിച്ചു.

രാഹുൽ ഗാന്ധി എം.പി ആയിരിക്കുമ്പോഴാണ് രാത്രിയാത്ര നിരോധനം മറികടക്കാൻ സമാന്തര തുരങ്ക പാത നിർമിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. വയനാട് പാർലമെൻറ് മണ്ഡലത്തിൽ CRIFൽ നിന്നുള്ള 105 കോടി രൂപയുടെ നാല് പദ്ധതികൾക്ക് അംഗീകാരം നൽകിയതായും മന്ത്രി കത്തിൽ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ നാലാം വളവ് - അടിവാരം - നൂറാംതോട് റോഡ് (10.100 കിലോ മീറ്റർ, 26 കോടി), ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിൻചുവടു-പത്തനാപുരം റോഡ് (14 കിലോ മീറ്റർ, 30 കോടി), മണാശ്ശേരി-മുത്താലം-മുത്തേരി-കല്ലുരുട്ടി - ഓമശ്ശേരി - തിരുവമ്പാടി റോഡ് (11.350 കിലോ മീറ്റർ, 23 കോടി), വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി കാരക്കണ്ടി - വടക്കനാട് - വള്ളുവടി - ഓടപ്പള്ളം റോഡ് (12.5 കിലോ മീറ്റർ, 26 കോടി) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയാനായി റിട്ട. അഡീഷനൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ, പാലക്കാട് ഐ.ഐ.ടി അസോസിയേറ്റ് പ്രഫ. ഡോ. പി.വി. ദിവ്യ എന്നിവരടങ്ങിയ വിദഗ്ധ സമിതി സമർപ്പിച്ച നിർദേശങ്ങൾ ഒക്ടോബർ മൂന്നിന് സമർപ്പിച്ചിരുന്നതായും നിർദേശങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാന പൊതു മാരാമത് വകുപ്പിന് നിർദേശം നൽകിയതായും നിതിൻ ഗഡ്കരി അറിയിച്ചു. പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കൺസൾട്ടിനെ നിയോഗിച്ചതായും മന്ത്രി കത്തിൽ അറിയിച്ചു. കൂടാതെ ചുരത്തിലെ ആറ്, ഏഴ് ഹെയർപിൻ വളവുകൾ വികസിപ്പിക്കുന്നതിനുള്ള കരാർ നൽകിയതായും കത്തിൽ അറിയിച്ചു.

Tags:    
News Summary - Night travel ban: Expert committee to study feasibility of Bandipur tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.