കെ.പി ശശി ഭരണകൂട ഭീകരതയുടെ ഇരകൾക്ക് വേണ്ടി ശബ്ദിച്ച പ്രമുഖ വ്യക്തി -മഅ്ദനി

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി അബ്ദുന്നാസർ മഅ്ദനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഭരണകൂട ഭീകരതയുടെ ഇരകൾക്ക് വേണ്ടി ശബ്ദിക്കാൻ സാംസ്കാരിക മേഖല തെരഞ്ഞെടുത്ത പ്രമുഖ വ്യക്തിത്വമായിരുന്നു കെ.പി ശശി. തന്റെ ചിന്തയും പ്രവർത്തനവും എഴുത്തും ഇരകളുടെ അവകാശങ്ങൾക്ക് വേണ്ടിയും മോചനത്തിന് വേണ്ടിയും അദ്ദേഹം ഉപയോഗിച്ചു. ഭരണകൂടത്തിന്റെ കോടാലി കൈകളായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ തിരക്കഥയിൽ കുറ്റവാളികൾ ആകുന്ന നിരപരാധികളെ പുതിയ കാലത്തിന്റെ മാധ്യമമായ ഡോക്യുമെന്ററികളിലൂടെ അഭ്രപാളികളിൽ അവതരിപ്പിച്ച് ജനമധ്യത്തിലേക്ക് എത്തിച്ച് തന്റെ ദൗത്യം നിർവഹിക്കുകയായിരുന്നു കെ.പി ശശി.

നിലവിൽ ഞാൻ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഏറ്റവുമധികം ഇടപെടലുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് കെ.പി ശശി. ഇടക്കിടെ ബാംഗ്ലൂരിൽ എന്നെ സന്ദർശിക്കുമായിരുന്ന അദ്ദേഹം, ഏതാനും ആഴ്ച്ചകൾക്ക് മുമ്പും ഇവിടെ എന്നെ സന്ദർശിക്കുകയുണ്ടായി.

എന്റെ നീതിനിഷേധത്തിന്റെ നാൾവഴികളെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത "ഫാബ്രിക്കേറ്റഡ്" എന്ന ഡോക്യുമെന്ററി എനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കേസുകളുടെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്നതിന് വളരേയധികം ഉപകരിക്കുകയും, സംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകൾക്ക് എന്റെ നിരപരാധിത്വം ബോധ്യമാകുന്നതിനും ഉൾകൊള്ളുന്നതിനും കാരണമായിട്ടുണ്ട്.

കെ.പി ശശിയുടെ പെട്ടെന്നുള്ള നിര്യാണം വളരെയധികം അസ്വസ്ഥതയും വേദനയും ഉളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വളരെ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും മഅ്ദനി അറിയിച്ചു.

Tags:    
News Summary - KP Shashi is a prominent person who spoke up for the victims of state terror - Madani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.