പാനൂർ: ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന കെ.പി.എ. റഹീം (69) അന്തരിച്ചു. മാഹി പുത്തലത്ത് ക് ഷേത്രത്തില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയതിെൻറ 85ാം വാര്‍ഷികത്തോടനുബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവിസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധി സ്മൃതിയാത്രയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പി.ആർ. കുറുപ്പിെൻറ കൂടെ സ ോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കോൺഗ്രസിലും പ്രവർത്തിച്ചുവെങ്കിലും അധികം വൈകാതെ കെ.പി.എ. റഹീം സജീവരാ ഷ്ട്രീയത്തിൽ നിന്ന് മാറി. മുഴുവൻ സമയവും ഗാന്ധി ആശയ പ്രചാരണങ്ങൾക്കായി നീക്കി വെച്ചു. ഗാന്ധി യുവമണ്ഡലം, കേരള സ ർവോദയ മണ്ഡലം, ഹിന്ദ് സ്വരാജ് ശതാബ്ദി സമിതി, കണ്ണൂർ ജില്ല ഗാന്ധി സെൻറിനറി സൊസൈറ്റി എന്നിവയുടെ പ്രസിഡൻറായി പ്രവർത്തിച്ചു. ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരകനായി കേരളത്തിലും പുറത്തും വിദേശത്തും നിരവധി വേദികളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
പൈക്കാട്ട് അബൂബക്കറിെൻറയും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിയുടെയും മകനായി 1948 ജൂൺ ഒന്നിന് പാനൂരിനടുത്ത പുത്തൂരിലാണ് ജനനം. ഗവ. എൽ.പി പുത്തൂർ, തിരുവാൽ യു.പി, പാനൂർ ഹൈസ്കൂൾ, നിർമലഗിരി കോളജ്, തലശ്ശേരി ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മധുര കാമരാജ് സർവകലാശാലയിൽനിന്ന് ഗാന്ധി തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദം നേടി. പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 2003ലാണ് വിരമിച്ചത്.
നിലവിൽ നിത്യചൈതന്യ വേദി പ്രസിഡൻറും സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രം അംഗവുമാണ്. കെ. ജനാർദനൻ പിള്ള പുരസ്കാരവും സി.എച്ച്. മൊയ്തു മാസ്റ്റർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ‘സർഗധാരയിലെ സാരസൗന്ദര്യങ്ങൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യചൈതന്യം എന്ന ഗ്രന്ഥത്തിെൻറ എഡിറ്ററായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ജലീൽ (മസ്കത്ത്), കബീർ, ലൈല (ഇരുവരും എം.ഇ.എസ് പബ്ലിക് സ്കൂൾ, പാനൂർ). മരുമക്കൾ: നാസർ (റൂറൽ സഹകരണ ബാങ്ക്, മട്ടന്നൂർ), ശബ്നാസ്, ജസ്മില. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് പാനൂർ ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ.
ആഗ്രഹം പോലൊരു വിടവാങ്ങൽ
കണ്ണൂർ: ഗാന്ധിയൻ മൂല്യങ്ങൾക്കും നന്മനിറഞ്ഞ നാടിനുമുള്ള പ്രവർത്തനങ്ങൾക്കായി അക്ഷീണ പ്രയത്നം നടത്തിയ കെ.പി.എ. റഹീമിെൻറ അന്ത്യവും ആഗ്രഹം പോലെ പ്രസംഗത്തിനിടെ. പ്രഭാഷകനും ഗാന്ധിയനുമായ റഹീം അസംഖ്യം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. പ്രസംഗങ്ങളുടെ എണ്ണമെടുത്താൽ റെക്കോഡായിരിക്കുമെന്ന് അദ്ദേഹവുമായി അടുത്ത് ബന്ധമുള്ളവർ പറയുന്നു. മാഹിയിൽ കെ.പി.എ. റഹീം കുഴഞ്ഞുവീണ് മരിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ എല്ലാവരുടെയും ഒാർമകളിലെത്തിയത് എം.എൻ. വിജയൻ മാഷിെൻറ മരണമായിരുന്നു. 2007 ഒക്ടോബർ മൂന്നിന് തൃശൂർ പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിനിടെയാണ് എം.എൻ. വിജയൻ കുഴഞ്ഞുവീണത്.
മാഹി പുത്തലം ക്ഷേത്രത്തിലെ അരയാൽതറയോട് േചർന്നുനിന്ന് കെ.പി.എ. റഹീം സംസാരിക്കുേമ്പാൾ അവസാന വാക്കുകളായിരിക്കുമെന്ന് കൂടെയുള്ളവർ കരുതിയില്ല. അത്രയും ഉർജ്വസലമായിരുന്നു പ്രസംഗം. ഗാന്ധിജി ഉയർത്തിയ മൂല്യങ്ങൾക്കെതിരെയും ഗാന്ധിസത്തിനെതിരെയുമുള്ള വെല്ലുവിളികളെ വിമർശിച്ചായിരുന്നു പ്രസംഗം. അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർ ഗാന്ധിയെന്ന മഹാവൃക്ഷത്തിനുനേർക്ക് കല്ലെടുത്തെറിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗം തുടരവേ തളർച്ച അനുഭവപ്പെട്ട അദ്ദേഹം, ഞാൻ ഒന്ന് ഇരിക്കെട്ട എന്നുപറഞ്ഞ് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ തളർന്നുവീഴുകയായിരുന്നു. സഹപ്രവർത്തകർ താങ്ങി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗാന്ധിസത്തെക്കുറിച്ചുള്ള സഞ്ചരിക്കുന്ന പാഠശാല കൂടിയായിരുന്നു അദ്ദേഹം. ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളെക്കുറിച്ച് കുട്ടികളുമായും നിരന്തരം സംവദിച്ചിട്ടുണ്ട്. പൊതുവേദികളിൽ സമകാലിക രാഷ്ട്രീയത്തെ ഗാന്ധിയുടെ വീക്ഷണകോണിൽ വിലയിരുത്തുകയും വിമർശിക്കുകയും ചെയ്തു. എന്നാൽ, ആരെയും വിഷമിപ്പിക്കുന്ന തലത്തിലേക്ക് ഇത് മാറിയിരുന്നില്ല. അതുകൊണ്ടുതന്നെ വാക്കുകൾ എല്ലാവരും ബഹുമാനത്തോടെയാണ് കേട്ടതും. അവസാന നിമിഷം വരെയും മൂല്യാധിഷ്ഠിതമായ പാതയിലായിരുന്നു സഞ്ചാരം. ഗാന്ധിയുടെ പാദസ്പർശമേറ്റ മണ്ണിൽ തന്നെയായി അന്ത്യനിമിഷങ്ങളെന്നതും വെറും യാദൃച്ഛികതയായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.