കൊയിലാണ്ടി: രാജ്യത്തിെൻറ സുരക്ഷ കാക്കാൻ ജീവിതം ഹോമിച്ച ധീര ഭടൻ സുബേദാർ എം. ശ്രീജിത്ത് ഇനി ഓർമ. വ്യാഴാഴ്ച കശ്മീരിൽ ഭീകരാക്രമണം തടയുന്നതിനിടെയായിരുന്നു മരണം. ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച ഭൗതിക ശരീരം രാവിലെ ഏഴിന് പൂക്കാട് പടിഞ്ഞാറെ തറയിൽ മയൂരം വീട്ടിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. പൊതുദര്‍ശനം ഒഴിവാക്കി കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങ്.
സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുത്തു. കലക്ടർ സാംബശിവറാവു പുലർെച്ച വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. കെ. മുരളീധരൻ എം.പി, കാനത്തിൽ ജമീല എം.എൽ.എ എന്നിവരും വീട്ടിലെത്തി. വിമാനം വഴി കോയമ്പത്തൂരിലെത്തിച്ച മൃതദേഹം അവിടെ നിന്ന് റോഡ് മാർഗമാണ് പൂക്കാട്ടെത്തിച്ചത്.
ജമ്മു-കശ്മീർ രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാകിസ്താൻ അതിർത്തിക്കു സമീപമായിരുന്നു ഏറ്റുമുട്ടൽ. മികച്ച സർവിസ് റെക്കോഡാണ് ശ്രീജിത്തിനുള്ളത്. 23 സേനമെഡലുകൾ ലഭിച്ചു.
പാർലമെൻറ് ഭീകരാക്രമണമുണ്ടായപ്പോൾ അതു തടയാനുള്ള പോരാട്ടത്തിൽ ശ്രീജിത്തും പങ്കെടുത്തിരുന്നു. ഓണത്തിന് നാട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മാർച്ചിൽ വീട്ടിൽ വന്നു തിരിച്ചു പോയതാണ്. നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ തൽപരനായിരുന്നു ശ്രീജിത്ത്. തിരുവങ്ങൂര്‍ മാക്കാട് വത്സെൻറയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ: ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്മയ ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.