ഫണ്ട് യഥാസമയം ഉപയോഗിക്കുന്നതിൽ കോഴിക്കോട് നഗരസഭ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്

കേഴിക്കോട് : ഫണ്ട് യഥാസമയം ഉപയോഗിക്കുന്നതിൽ കോഴിക്കോട് നഗരസഭ പരാജയപ്പെട്ടുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഇ.എം.എസ് ഭവന പദ്ധതിക്ക് കീഴിൽ ഭവനത്തിനും ഭൂമി വാങ്ങുന്നതിനും അപേക്ഷിച്ച 3582 പേരിൽ 17.16 ശതമാനം പേർക്ക് മാത്രമാണ് നഗരസഭയുടെ ധനസഹായം ലഭിച്ചത്. സഹകരണ ബാങ്ക് വഴി 10 ശതമാനം പലിശയോട് കൂടി ലഭ്യമാക്കിയ 2.002 കോടി അടക്കം 14.7 കോടിയിൽ ചെലവാക്കാനായത് 4.61 കോടിയാണെന്നും പരിശോധനയിൽ കണ്ടെത്തി.

നിലവിൽ കോപ്പറേറ്റീവ് ബാങ്കിൽ 2023 മാർച്ച് 31ന് പലിസഹിതം നീക്കിയിരുപ്പ് 5.4 കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്കിൽ 8.47 കോടിയും 2017-18 മുതൽ പലിശ ക്രെഡിറ്റ് ചെയ്യുന്നതല്ലാതെ മറ്റു ഇടപാടുകളില്ലാതെ കിടക്കുന്നു. ഇ.എം.എസ് ഭവന പദ്ധതി 2013 ൽ നിർത്തലാക്കിയെങ്കിലും ഈ പണം മറ്റു ഭവന പദ്ധതികൾക്ക് ഉപയോഗിക്കുകയോ സർക്കാർ ട്രഷറിയിൽ തിരിച്ചടക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പട്ടികജാതി ഓഫീസർ ഈ പദ്ധതിയിൻ കീഴിൽ മൂന്ന് കോടി നിക്ഷേപിച്ചതായും അതിൽ 46.75 ലക്ഷം ചെലവഴിച്ചതായും. 2.53 കോടി ബാക്കിയുണ്ടെന്നും രേഖപ്പെടുത്തി. എസ്.സി-എസ്.ടി ഫണ്ടിന്റെ ഭാഗമായി ലഭിച്ച തുക പട്ടികജാതിവർഗ ഗുണഭോക്തർക്ക് മാത്രമേ ഉപയോഗിക്കാവു. എന്നാൽ, ഈ തുക പട്ടികജാതിക്കാർക്കുള്ള മറ്റു പദ്ധതികൾക്കായി ഉപയോഗിക്കുകയോ പട്ടികജാതി ഓഫീസർക്ക് തിരിച്ചു നൽകുകയോ, ട്രഷറിയിൽ തിരിച്ചടക്കുകയോ ചെയ്‌തിട്ടില്ല.

നഗരസഭ 2017-18 ൽ സ്വതന്ത്ര ഭവനപദ്ധതിയായ അഭയം പദ്ധതി ആസൂത്രണം ചെയ്യുകയും അതിൻ്റെ നടത്തിപ്പിന് ഇ.എം.എസ് ഭവന പദ്ധതിയിലെ ബാക്കി തുകയിൽ നിന്നും 7.5 കോടി 5-10-2017 ഒക്ടോബർ അഞ്ചിന് വകമാറ്റി. എന്നാൽ ഈ പദ്ധതി പുന്നീട് ഉപേക്ഷിച്ചു. ഈ പദ്ധതിയുടെ ബാങ്ക് അക്കൗണ്ടിൽ (പി.എൻ.ബി) നിക്ഷേപിച്ച 7.5 കോടിയിൽ നിന്നും 2019 ഡിസംബർ 21ന് അഞ്ച് കോടി മാറ്റൊരു പ്രോജക്ടിലേക്ക് വകമാറ്റി. പിന്നീട് ഈ തുക തിരികെ ലഭിച്ചത് 2022 മാർച്ച് 23ന് ആണ്. 27 മാസകാലയളവിലേക്കു ഈ അക്കൗണ്ടിനു 20.93 ലക്ഷം രൂപ പലിശയിനത്തിൽ നഷ്ടപ്പെട്ടു.

സഹകരണ ബാങ്കിൽ നിന്നും 10 ശതമാനത്തിന് ലഭിച്ച വായ്പ അടക്കമുള്ള തുകയാണ് ബാങ്കുകളിൽ 2.75 ശതമാനം പലിശക്ക് നിക്ഷേപിച്ചത്. (സഹകരണ ബാങ്കിന് 12 ശതമാനം പിഴ പലിശയടക്കം 44.30 ലക്ഷം ഇപ്പോഴും ബാധ്യതയുണ്ട്). അത്യാവശ്യത്തിനു പണം മാറ്റിവച്ചു ബാക്കി തുക ആറുമാസത്തിലേക്കോ അതിലധികമോ കാലങ്ങളിലേക്ക് സ്ഥിര നിക്ഷേപമാക്കിയിരുന്നെങ്കിൽ അഞ്ച് ശതമാനം ശതമാനത്തിലധികം പലിശ ലഭിക്കുമായിരുന്നു. അങ്ങനെ നിക്ഷേപിച്ചിരുന്നെങ്കിൽ നഗരസഭയുടെ പണം അന്യായമായി തട്ടിയെടുക്കുന്നതും തടയാമായിരുന്നു. എട്ട് കോടി ആറ് മാസ കാലയളവിലേക്ക് ആറ് വർഷത്തേക്ക് സ്ഥിര നിക്ഷേപമാക്കിയിരുന്നെങ്കിൽ 1.08 കോടി അധികപലിശ ലഭിച്ചേനെയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക ഇടപാടുകളിൽ നഗരസഭയുടെ വ്യക്തമായ കാഴ്‌ചപ്പാടിൻ്റെ അഭാവം സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. വിഭാവനം ചെയ്‌ത പദ്ധതികൾ നപ്പാക്കാനാവുന്നില്ല. സുതാര്യമായ സാമ്പത്തിക മാനേജ്‌മെൻ്റിൻ്റെ അഭാവമുണ്ട്. അതിനാൽ ലഭിച്ച ഫണ്ടുകൾ യഥാസമയം ഉപയോഗിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Tags:    
News Summary - Kozhikode Municipal Corporation has reportedly failed to use the funds received on time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.