കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ അപകടത്തിനു പിന്നാലെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ മരമ റിപ്പോർട്ട് ആണ് പുറത്തുവന്നത്.
ശ്വാസകോശത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാൻസർ, ലിവർ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണിവർ. വിഷം കഴിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന വയനാട് സ്വദേശിനിയുടെയും തൂങ്ങിമരിക്കാൻ ശ്രമിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിയ ഒരാളുടെയും മരണ റിപ്പോർട്ട് കൂടി പുറത്തു വരാനുണ്ട്.
മരിച്ചവരുടെ ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനക്കു അയക്കും. വെന്‍റിലേറ്റർ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്നു മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. വെള്ളിയാഴ്ച രാത്രി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. രാത്രി എട്ടോടെയാണ് അത്യാഹിത വിഭാഗം കെട്ടിടത്തിന്‍റെ താഴെ നിലയിലെ സി.ടി സ്കാനിന് സമീപമുള്ള യു.പി.എസ് റൂമിൽ നിന്ന് പൊട്ടിത്തെറിയോടെ പുക ഉയർന്നത്. പുക മുഴുവൻ ഭാഗത്തേക്കും പരന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ചിതറിയോടി.
അത്യാഹിത വിഭാഗത്തിൽ പുക നിറഞ്ഞപാടെ അപായ അലാറം നിർത്താതെ മുഴങ്ങി. ഏഴുനിലകെട്ടിടത്തിൽ അഞ്ഞുറിലേറെ രോഗികളും അതിലേറെ കൂട്ടിരിപ്പുകാരുമാണ് ഉണ്ടായിരുന്നത്. ആളുകളെ പരസ്പരം കാണാനാവാത്ത തരത്തിൽ പുക നിറഞ്ഞ താഴെ നിലയിൽ നിരവധി രോഗികളുണ്ടായിരുന്നു. സ്ട്രച്ചറിലും വീൽചെയറിലുമായി ഇവരെ ആദ്യം പുറത്തെത്തിച്ചു. പിന്നാലെ രണ്ട്, മൂന്ന്, നാല് നിലകളിലുള്ളവരെയും പൊലീസും ആശുപത്രി അധികൃതരും ചേർന്ന് ഒഴിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.