കോഴിക്കോട്: യു.ഡി.എഫ് മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിക്കാനിരിക്കെ കോഴിക്കോട് ജില്ലക്ക് പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകർ. കോൺഗ്രസിന്റെ പോഷക സംഘടനയായ ഐ.എൻ.ടി.യു.സി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ജയന്തും ലീഗിൽ നിന്ന് പാറക്കൽ അബ്ദുല്ലയും മന്ത്രി പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവരും പുറത്തായെന്നാണ് വിവരം. അതോടെ ജില്ലയിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായി.
വർഷങ്ങളായി കോൺഗ്രസ് പാർട്ടിക്ക് എം.എൽ.എമാർ ഇല്ലാത്ത ജില്ലയായിരുന്നു കോഴിക്കോട്. എന്നാൽ ഇത്തവണ അഞ്ച് എം.എൽ.എമാർ കോൺഗ്രസിനുണ്ട്. അതിനാൽ ജില്ലയിൽ നിന്ന് ഒരു മന്ത്രി അനിവാര്യമാണ് എന്നും നേതൃത്വം ജില്ലയെ അവഗണിക്കരുതെന്നും ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടേതായുള്ള അഭ്യർഥന സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തവണ യു.ഡി.എഫിന് ജില്ലയിൽ മികച്ച വിജയമാണ് ലഭിച്ചത്. 13 സീറ്റിൽ 12ലും മുന്നണി വിജയിച്ചു കയറി. അഞ്ച് കോൺഗ്രസ്, ആറ് ലീഗ്, ഒരു സ്വതന്ത്ര പ്രതിനിധിയുമായി ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വിജയം ജില്ലയിൽ നിന്ന് നേടിക്കൊടുത്തിട്ടും ഒരു മന്ത്രിയെപ്പോലും ലഭിക്കില്ലെന്നുള്ളതാണ് പ്രവർത്തകരിൽ പ്രതിഷേധത്തിനിടയാക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാരുണ്ടായിരുന്നു. ഇത്തവണ ഒരു മന്ത്രിയെപ്പോലും ജില്ലക്ക് നൽകാത്തത് മികച്ച വിജയത്തിനായി അധ്വാനിച്ച യു.ഡി.എഫ് പ്രവർത്തകരെ അപമാനിക്കുന്നതിനു തുല്യമാണെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.