ലക്കിടി (വയനാട്): രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം മുടങ്ങി മൂന്ന് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ് സംഭവസ്ഥലം സന്ദർശിച്ചു. 72 മണിക്കൂർ പിന്നിട്ടിട്ടും കലക്ടർ വരാതിരുന്നത് ചർച്ചയായിരുന്നു.
എന്നാൽ, കലക്ടർ എന്നത് വ്യക്തി കേന്ദ്രീകൃതമല്ലെന്നും ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും ഒക്കെ കൂടി ചേർന്ന സംവിധാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘മണ്ണിടിച്ചിൽ ഉണ്ടായ ഉടൻ ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും റവന്യൂ ഉദ്യോഗസ്ഥരും അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. കലക്ടർ എന്ന വ്യക്തി വരാത്തതിന് പ്രസക്തിയില്ല. അത് എല്ലാവരും ചേർന്ന സിസ്റ്റത്തിന്റെ പേരാണ്. പൊലീസും ഇതിന്റെ ഭാഗമാണ്. ഇവരെല്ലാം കൃത്യമായ റിപ്പോർട്ട് അതത് സമയത്ത് ലഭ്യമാക്കിയിരുന്നു’ -കലക്ടർ പറഞ്ഞു.
‘ഒരുഭാഗത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുക. പി.ഡബ്ല്യു.ഡി എൻജിനീയർമാരും മണ്ണുപരിശോധന വിഭാഗവും ജിയോളജിസ്റ്റുകളും പരിശോധന നടത്തി റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. അപകട മുന്നറിയിപ്പൊന്നും ഇതിലില്ല. ചില പരിശോധനകൾ കൂടി വേണം. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് സജീവമായുണ്ട്. ഭാരവാഹനങ്ങൾ ഇപ്പോൾ വിടാനാവില്ല. ഭാരവും ഗതാഗത തടസ്സവും പരിഗണിച്ചാണ് ഇത്തരം വാഹനങ്ങൾ വിടാത്തത്. കാലാവസ്ഥയും സുരക്ഷയും നോക്കി ഭാരവാഹനങ്ങളും കടത്തിവിടാൻ ശ്രമം നടക്കുന്നുണ്ട്.
ഓണവും അവധിയുമായതിനാൽ ട്രാഫിക് കൂടാൻ സാധ്യതയുണ്ട്. ഇരുജില്ലകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആയതിനാൽ അടച്ചിടുന്നത് കൂടുതൽ പ്രയാസം സൃഷ്ടിക്കുമെങ്കിലും സുരക്ഷയാണ് പ്രധാനം. മണ്ണല്ല, പാറയാണ് ഇവിടെ ഇടിഞ്ഞുവീഴുന്നത്. ഇളകി കിടക്കുന്ന പാറകൾ ഇപ്പോൾ നീക്കം ചെയ്യാനാവില്ല. അവിടെ മതിൽ നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. നിലവിൽ റോഡിൽ ഗതാഗത തടസ്സമില്ല. പൊതുജനങ്ങൾ സഹകരിക്കണം. ഏത് സാഹചര്യങ്ങളും നേരിടാൻ ആരോഗ്യ വകുപ്പും ഫയർ ആൻഡ് സേഫ്റ്റിയും പൊലീസും സദാ സജ്ജരാണ്’ -അദ്ദേഹം പറഞ്ഞു.
ചുരത്തിൽ കാലാവസ്ഥ അനുകൂലമായാൽ വിദഗ്ധ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ ഭാരവാഹനങ്ങൾ കടത്തിവിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ. രാജനും വ്യക്തമാക്കിയിരുന്നു. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പറയുന്നത് അനുസരിക്കാതെ താൽക്കാലിക സൗകര്യം നോക്കി തീരുമാനമെടുത്താൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ നമ്മൾ തന്നെ ഉത്തരവാദികളാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ബ്ലോക്കുകളായാണ് പാറകള്‍ വിണ്ടിരിക്കുന്നത്. ഇതില്‍നിന്ന് ഉത്ഭവിച്ച വെള്ളച്ചാല്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അഗ്നിരക്ഷാസേന, ജിയോളജി, മണ്ണ് സംരക്ഷണം, പൊലീസ് എന്നീ വിഭാഗങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ മാറി നിന്നത് കൊണ്ട് ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് യാത്ര അനുവദിച്ചത്.
ഒമ്പതാം വളവില്‍ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലാണ് മണ്ണിടിച്ചിലിന് കാരണം. ഗതാഗത സൗകര്യം ഒരുക്കാൻ എല്ലാ ഉപകരണങ്ങളും അവിടെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കലക്ടർമാർ എത്തി എല്ലാനീക്കങ്ങളും വിലയിരുത്തുകയും നേതൃത്വം നൽകുകയും ചെയ്യും. കാലാവസ്ഥ അനുകൂലമായാൽ ഉച്ചയോടെ ഭാരവാഹനങ്ങൾ കടത്തിവിടും.
സോയിൽ പൈപ്പിങ് പ്രതിഭാസം കാരണം വാഹനങ്ങൾ പോകുമ്പാൾ റോഡ് തന്നെ തകർന്ന് വീഴുന്ന അനുഭവം ഉണ്ട്. കാസർകോടും പുത്തൂരിലും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. ഓണവും മറ്റും അടുത്തെത്തിയിരിക്കെ എളുപ്പം നോക്കി വാഹനങ്ങൾ കടത്തിവിട്ടാൽ അപകട സാധ്യത കൂടി മുന്നിൽകാണണം. എത്രയും വേഗം പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുവരെ ബദൽപാതകൾ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
കുറ്റ്യാടി ചുരം റോഡില്‍ അറ്റകുറ്റപ്പണി ഉണ്ടെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ നിർദേശിച്ചു. വെള്ളിയാഴ്ച മുതല്‍ നാല് മണിക്കൂര്‍ ഇടവേളയായി മഴയുടെ തോത് കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ കുറഞ്ഞാൽ, പാറകളിലുണ്ടായ വിള്ളല്‍ റോഡിനടിയിലേക്കും ആഴത്തിലുമുണ്ടോ എന്നു പരിശോധിക്കാനാകും. അതുവരെ ഭാരവാഹനം കടത്തിവിടാന്‍ കഴിയാത്ത സ്ഥിതിയാണ്’ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.