സമസ്തക്ക് വിയോഗങ്ങളുടെ കാലം

മലപ്പുറം: കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തോടെ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം മതസംഘടനയായ സമസ്തക്ക് നഷ്ടമായത് ഊര്‍ജസ്വലനായ കര്‍മയോഗിയെ. കുറഞ്ഞ കാലത്തിനിടെ സംഘടനക്ക് നഷ്ടമായത് നേതൃനിരയിലെ നാലാമത്തെ പണ്ഡിതനെയാണ്. കഴിഞ്ഞ ഫെബ്രുവരി 18ന് ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, മേയ് മൂന്നിന് പ്രസിഡന്‍റ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍, ഡിസംബര്‍ 15ന് പ്രസിഡന്‍റ് കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍ എന്നിവരുടെ വിയോഗശേഷം ഇപ്പോള്‍ കോട്ടുമല കൂടി യാത്രയായത് സമസ്തക്ക് നികത്താനാവാത്ത നഷ്ടമായി.  

പണ്ഡിതനും മികച്ച സംഘാടകനുമായിരുന്ന ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ക്കുശേഷം സംഘാടനമികവില്‍ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു കോട്ടുമല. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടുക്കും ചിട്ടയും അച്ചടക്കവും പ്രയോഗവത്കരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍െറ ശ്രദ്ധ. സമസ്തയുടെ ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ ഇതര സംഘടനകളുമായി നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചു. മുസ്ലിംലീഗിനോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍തന്നെ മറ്റ് രാഷ്ട്രീയ കക്ഷികളുമായും നേതാക്കളുമായും നല്ല ബന്ധം പുലര്‍ത്തി. ആലപ്പുഴയില്‍ നടന്ന സമസ്ത 90ാം വാര്‍ഷികത്തില്‍ സി.പി.എം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ അദ്ദേഹം കാണിച്ച ധീരത സംഘടനയുടെ നിഷ്പക്ഷ നിലപാടായി വിലയിരുത്തപ്പെട്ടു. ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ മുസ്ലിം സംഘടനകളുമായുള്ള ബന്ധവും ഊഷ്മളമായി അദ്ദേഹം നിലനിര്‍ത്തി. മദ്റസ വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിഷ്കരണവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കോട്ടുമലയുടെ വിയോഗം.

 

Tags:    
News Summary - kottumala bappu musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.