കോട്ടക്കൽ നഗരസഭ: ലീഗ് സി.പി.എമ്മിന്റെ ‘ചങ്കുവെട്ടി’യെന്ന് ഫാത്തിമ തഹ്‍ലിയ

മലപ്പുറം: കോട്ടക്കല്‍ നഗരസഭയിൽ ലീഗ് ഭരണം അട്ടിമറിച്ച സി.പി.എമ്മിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയതിനെ ആഘോഷമാക്കി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‌ലിയ. ‘കോട്ടക്കലെ ലീഗ് സി.പി.എമ്മിന്റെ "ചങ്കുവെട്ടി"യത്രെ!’ എന്നാണ് നഗരസഭ ഓഫിസിനുമുന്നിൽ ലീഗ് പ്രവർത്തകർ ഉയർത്തിയ ബാനറിന്റെ ചിത്രം പങ്കുവെച്ച് തഹ്‌ലിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ​

സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെയാണ് ലീഗ് ഭരണം തിരിച്ചുപിടിച്ചത്. ഏഴിനെതിരെ 20 വോട്ടിന് ഡോ. കെ. ഹനീഷ ചെയര്‍പേഴ്‌സനായും ഏഴിനെതിരെ 19 വോട്ടിന് ചെരട മുഹമ്മദലി വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു.

കോട്ടക്കൽ നഗരസഭയിലെ ഒന്നാം വാർഡിന്റെ പേരാണ് ചങ്കുവെട്ടി. ഈ വാർഡിലെ സി.പി.എം കൗണ്‍സിലര്‍ അടാട്ടില്‍ റഷീദ വോട്ടെടുപ്പിനെത്താതിരുന്നത് സി.പി.എമ്മിന് തിരിച്ചടിയായിരുന്നു. ഇതാണ് ലീഗ് സി.പി.എമ്മിന്റെ ‘ചങ്കുവെട്ടി’ എന്ന പ്രയോഗത്തിലൂടെ തഹ്‍ലിയ പരിഹസിച്ചത്.

Full View

ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ വാർഡ് ഒമ്പതിലെ കൗണ്‍സിലര്‍ ഫഹദ് നരിമടയ്ക്കലിന്റെ വോട്ട് ലീഗിന് ലഭിച്ചു. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ഫഹദ് വിട്ടുനിന്നു. ഡിവിഷന്‍ ഒന്നിലെ കൗണ്‍സിലര്‍ അടാട്ടില്‍ റഷീദ വോട്ടെടുപ്പിനെത്താതിരുന്നതും സി.പി.എമ്മിന് തിരിച്ചടിയായി.

രണ്ടംഗങ്ങളുള്ള ബി.ജെ.പിയും വോ​ട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഡോ. കെ. ഹനീഷക്കെതിരെ സനില പ്രവീണും ചെരട മുഹമ്മദലിക്കെതിരെ മുഹമ്മദ് ഹനീഫയുമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥികൾ. ഡെപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്തായിരുന്നു വരണാധികാരി.

ടൗണ്‍ ഉള്‍പ്പെടുന്ന വാർഡ് മൂന്നിലെ കൗണ്‍സിലറായ ഹനീഷ നിലവില്‍ സ്ഥിരം സമിതി അധ്യക്ഷയാണ്. 15ാം വാർഡിലെ കൗൺസിലറാണ് ചെരട മുഹമ്മദലി.

അടിക്ക് തിരിച്ചടി

കോട്ടക്കൽ നഗരസഭ അധ്യക്ഷയായിരുന്ന ബുഷ്റ ഷബീര്‍ ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ സ്ഥാനങ്ങള്‍ രാജിവെച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ തോൽപിച്ച് ലീഗ് വിമതരായ മുഹ്‌സിന പൂവന്‍മഠത്തില്‍, പി.പി. ഉമ്മര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. പിന്നാലെ സമവായ നീക്കം നടത്തിയ ലീഗ് നേതാക്കൾ ഇവരെകൊണ്ട് സ്ഥാനം രാജിവെപ്പിച്ചു. തുടർന്ന് ഇന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മിനോട് ലീഗ് മധുരപ്രതികാരം ചെയ്തത്.

വിഭാഗീയതക്ക് പരിഹാരമെന്നോണം സംസ്ഥാന നേതൃത്വം മുനിസിപ്പല്‍ ലീഗ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പകരം അബ്ദുറഹ്‌മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിക്കായിരുന്നു ചുമതല.

കോട്ടക്കലിന് പുതിയ വികസന മുഖം നല്‍കും -ഡോ. ഹനീഷ

കോട്ടക്കല്‍ നഗരസഭയായ 2010ല്‍ ചെയർപേഴ്സനായിരുന്ന ടി.വി. സുലൈഖാബിയുടെ മകളാണ് ഹനീഷ. എല്ലാവരേയും ഒപ്പം നിര്‍ത്തി കോട്ടക്കലിന് പുതിയ വികസന മുഖം നല്‍കുമെന്ന് കോട്ടക്കല്‍ അല്‍ഷാഫി ആയുര്‍വേദ ഹോസ്പിറ്റല്‍ ഡയറക്ടർ കൂടിയായ ഹനീഷ പറഞ്ഞു. ഇതേ ആശുപത്രിയിലെ ഡോ. ഹംസയാണ് ഭര്‍ത്താവ്. 

Tags:    
News Summary - Kottakkal Municipality: Fathima Thahiliya trolls CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.