കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലുണ്ടായ ചില ഉരുൾപൊട്ടലുകൾ -ഫോ​ട്ടോ: ഇ.പി. ഷെഫീഖ്​

കൂട്ടിക്കലിലെ ഉരുൾപൊട്ടലുകൾ; നശീകരണത്തിന്​ പച്ചക്കൊടി കാട്ടിയവർക്ക്​ പ്രകൃതിയുടെ താക്കീത്

കൊച്ചി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലകളിൽ പ്രകൃതിനശീകരണത്തിന് പച്ചക്കൊടി കാണിച്ച സർക്കാറിനെതിരായ താക്കീതാണ് കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലുകൾ. ജൈവ വൈവിധ്യ ബോർഡും ശാസ്ത്രജ്ഞരും നേരത്തെ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ചല്ല മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ക്വാറികൾക്ക് അനുമതി നൽകിയത്. ക്വാറി മാഫിയുടെ പണത്തിനും രാഷ്ട്രീയ സമ്മർദത്തിനും ഉദ്യോഗസ്ഥർ കീഴടങ്ങി. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് കരിങ്കൽ ഖനനത്തിന് അനുമതി നൽകിയത്.

ഏതാണ്ട് ഒരു പതിറ്റാണ്ട് സർക്കാറുകൾ റിപ്പോർട്ടുകളെല്ലാം അവഗണിച്ചു. 2013 ആഗസ്റ്റ് നാലിനാണ് ജൈവവൈവിധ്യ ബോർഡിലെ ഡോ. എൻ. ഉണ്ണിക്കൃഷ്ണനും ഡോ. പുന്നൻ കുര്യനും റിപ്പോർട്ട് നൽകിയത്. വാഗമൺ മലനിരകളുടെ ഭാഗമായ വെല്യന്ത, കൊടുങ്ങ മേഖലയിലെ കരിങ്കൽ ഖനനം പൂർണമായും നിർത്തി വെക്കണം എന്നായിരുന്നു പ്രധാന ശിപാർശ. സർക്കാർ അതിന് പുല്ലുവില കൽപ്പിച്ചാണ് ഖനനാനുമതി നൽകിയത്.

വടക്കേമല, ഉറുമ്പിക്കര ഭാഗത്തെ ഉരുൾപൊട്ടലുകൾ. കാവാലി മലയിൽ നിന്നുള്ള ദൃശ്യം- ഫോ​ട്ടോ: ഇ.പി. ഷെഫീഖ്​

ഈ മേഖല പാരിസ്ഥിതികമായി ദുർബലവും ജൈവവൈവിധ്യം നിറഞ്ഞതും പ്രകൃതിദത്തമായി ഏറെ മൂല്യമുള്ളതുമായ പ്രദേശമായതിനാൽ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഇവിടെ നിന്നുള്ള നീരുറവകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം ഉണ്ടാക്കരുതെന്നും നിർദേശിച്ചു. എന്നാൽ, മലമുകളിലെ നീരുറവകളുടെ നീരൊഴുക്ക് തടയുകയാണ് കൈയേറ്റക്കാർ ആദ്യം ചെയ്തത്. അവർ പ്രകൃതിയോട് ചെയ്ത തെറ്റ് തിരുത്തണമെന്നും റിപ്പോർട്ട്​ ആവശ്യപ്പെട്ടിരുന്നു.

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലാണ് വിവിധ നദികളിലേക്ക് ഒഴുകുന്ന നീരുറവകളുള്ളത്. ഈ മേഖലയിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വാഗമൺ മലനിരകൾ ഇതിന്‍റെ ഭാഗമാണ്. നിലവിലുള്ള ക്വാറികൾ സംരക്ഷിത മേഖലകളിൽനിന്ന് ഏതാണ്ട് 600 മീറ്റർ അകലത്തിലാണ്. വാഴത്തറ, പെൻഡ, പാലത്തറ ഗ്രാനൈറ്റുകൾ ഈ മേഖലയിലെ വലിയ ക്വാറികളാണ്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും ഇളംകാട് എസ്.എൻ.ഡി.പി നേതാക്കളായ എം.പി. ചന്ദ്രദാസും രാജേന്ദ്രനും പ്രദേശവാസികളും അന്വേഷണസംഘത്തിന് ഖനനം സൃഷ്ടിക്കുന്ന അപടത്തെ സംബന്ധിച്ച് മൊഴി നൽകിയിരുന്നു.

ഏതാണ്ട് 32 ഏക്കർ ഭൂമി വാഴത്തട ഗ്രാനൈറ്റ് ക്വാറി ഉടമക്കുണ്ട്. അതും സ്വകാര്യ ഭൂമിയിൽ. എന്നാൽ, അത് പ്രകൃതിദത്തമായ വനഭൂമിയായിരുന്നു. കൂടാതെ, പാലത്തറ ഗ്രാനൈറ്റ്, പെന്‍റ ഗ്രാനൈറ്റ് എന്നിവയും പരിസ്ഥിതി ലോല മേഖലയിലാണ്. മണിമലയാറിന്‍റെയും മീനച്ചലാറിന്‍റെയും ഉറവിടമാണ് ഈ വനമേഖല. പ്രതിവർഷം ഏതാണ്ട് 200 ദിവസം വരെ മഴ ലഭിച്ച പ്രദേശമായിരുന്നു ഇവിടം. എന്നാൽ മലകൾ തകർത്തു പാരിസ്ഥിതികമായി ആഘാത മുണ്ടായപ്പോൾ അത് മൂന്നുമാസമായി ചുരുങ്ങി. ഇരുന്നൂറിലധികം വൈവിധ്യമായ പുല്ലിനങ്ങൾ ഇവിടെ ഉണ്ടായിരുന്നു. അതിൽ മുപ്പത് ഇനങ്ങൾ ഒരു പ്രത്യേക സ്ഥലത്ത് മാത്രം കാണുന്നവയാണ്.

മലകളെ പൊതിഞ്ഞു നിർത്തിയിരുന്ന പുൽമേടുകളാണ് ഖനനത്തിലൂടെ ഇല്ലാതായത്. 2003ലെ റിപ്പോർട്ട് പ്രകാരം വാഗമൺ മലകൾ പുള്ളിപ്പുലി, കുട്ടിത്തേവാങ്ക്, മാൻ, പുള്ളിമാൻ, കലമാൻ, കേഴ, സസ്‌തനികൾ, ഇന്ത്യയിലെ ചെറിയ വെരുഗ്, മുള്ളൻ പന്നി, നീർനായ്, മലയണ്ണാൻ, മരപ്പട്ടി, മുയൽ തുടങ്ങിയ ജീവികളുടെ സങ്കേതമായിരുന്നു. വെല്യന്ത, കൊടുങ്ങ പ്രദേശങ്ങളിലെ ജനങ്ങൾ സന്ദർശന സംഘവുമായി നടത്തിയ സംഭാഷണത്തിൽ ഇക്കാര്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഖനനമേഖലയും ഇതേ ജീവികളുടെ സങ്കേതമായിരുന്നുവെന്ന് വ്യക്തമാക്കി.

കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത്​ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു (ഫയൽചിത്രം)

ചിത്രശലഭങ്ങളുടെ വൻപട ഇവിടെയുണ്ട്. 75ലധികം ഇനങ്ങൾ. സെൻറർ ഫോർ എർത്ത് ആൻഡ് സയൻസും (സെസ്), കേരള സർവകലാശാലയിലെ ഭൂമിശാസ്ത്രവിഭാഗവും ഇവിടുത്തെ മലകളുടെ ചരിവും പ്രത്യേകതകളും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വാഴത്തറ ഗ്രാനൈറ്റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക നാശം സംബന്ധിച്ച് പഠനം നടത്തി സയിന്‍റിസ്റ്റ് (റിട്ട) ഡോ. സി.എൻ. മോഹനനും ഡോ. ബാബു ജോസഫും 2016 ജൂണ് 21ന് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്ന പ്രദേശം ഉൾപ്പെട്ട 1853 ഏക്കർ മണിമലയാറിന്‍റെ വൃഷ്്ടി പ്രദേശമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അത് കോലാഹല മേടിന്‍റെ ഭാഗമാണ്.

ഇവിടെനിന്നാണ് വെല്യന്ത തോട്, കൊടുങ്ങ തോട് എന്നിവ ഉത്ഭവിക്കുന്നത്. വെല്യന്ത തോട് കോലാഹല മേടിന്‍റെ ഭാഗമാണ്. എന്നിട്ടും കൂട്ടിക്കൽ വില്ലേജിൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ 5.43 ഏക്കർ ഭൂമിയിൽ സർക്കാറിന്‍റെ വിവിധ വകുപ്പുകളുടെ അനുമതിയോടെ ഖനനം തുടർന്നു. എം.സി. വർഗീസ് വാഴത്തറക്ക് 12 വർഷത്തേക്കാണ് ഖനനാനുമതി ലഭിച്ചത്. അതിനാൽ ഈ മേഖലയിൽ കരിങ്കൽ ഖനനം അവസാനിപ്പിക്കണെന്നാണ് റിപ്പോർട്ടിൽ ശുപാർശ നൽകിയത്. റിപ്പോർട്ട് സർക്കാർ കുപ്പത്തൊട്ടിയിലിട്ടു. ഗാഡ്ഗിൽ-കസ്തൂരി രംഗൻ കമ്മിറ്റികൾ ഒരുപോലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്‍റെ പാരിസ്ഥിതിക പ്രത്യേകത അടിവരയിട്ട് അടയാളപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഇവിടെ കരിങ്കൽ ഖനനം അനുവദിക്കരുതെന്ന് ഗാഡ്ഗിൽ- കസ്തൂരി രംഗൻ കമ്മിറ്റികളും നിർദേശിച്ചിരുന്നു. 

Tags:    
News Summary - Koottickal: Warning of nature against the state government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.