കൊച്ചി: ഇടതുമുന്നണിക്ക് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാർഥിയാകും. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കലാ രാജു യു.ഡി.എഫ് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നു. അനൂപ് ജേക്കബ് എം.എൽ.എ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കലയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ സി.പി.എം വിമത കലാ രാജു, സ്വതന്ത്ര അംഗം പി.ജി. സുനില്‍ കുമാര്‍ എന്നിവര്‍ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി.ജി. സുനില്‍കുമാറിനെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കലാ രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു.
കഴിഞ്ഞ ജനുവരി 18നായിരുന്നു നാടകീയ സംഭവികാസം. എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ സി.പി.എം പ്രവർത്തകർ തട്ടിക്കൊണ്ടു പോകുകയും വസ്ത്രം പിടിച്ച് വലിക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. കലാ രാജുവിനെ വൈകിട്ട് വിട്ടയക്കുകയും സംഭവത്തിൽ രണ്ട് സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിശ്വാസ പ്രമേയ ചർച്ച അലങ്കോലപ്പെടുത്തിയതിലും തട്ടിക്കൊണ്ടു പോകലിലും സി.പി.എമ്മിനെതിരെ കലാ രാജു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ത്രീയോട് പാർട്ടി ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഇതാണ് തന്റെ പ്രതികരണമെന്നും മനഃസാക്ഷിക്ക് യോജിച്ചപോലെയാണ് അവിശ്വാസത്തെ പിന്തുണച്ചതെന്നും കലാ രാജു പറഞ്ഞു. സി.പി.എം ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. സി.പി.എം ചോദിച്ചുമേടിച്ച പരാജയമാണ്. താൻ പ്രവർത്തിച്ച പാർട്ടിയാണ് തന്നെ ചതിച്ചത്. വിപ്പ് ലഭിച്ചിട്ടില്ലെന്നും അയോഗ്യത നടപടികളെ നേരിടാൻ തയാറാണെന്നും അവർ പറഞ്ഞു. ഇനി യു.ഡി.എഫിനൊപ്പമാകും പ്രവർത്തനം എന്നും കലാ രാജു സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.