യദുകൃഷ്ണൻ, ആദി ലക്ഷ്മി

യദുമോൻ തോട്ടിൽ വീണത് ആരും കണ്ടില്ല, നാലുമണിക്കൂറിന് ശേഷം കണ്ടെടുക്കുമ്പോൾ ചേതനയറ്റ നിലയിൽ...

കോന്നി: ഓട്ടോ മറിഞ്ഞ് തെറിച്ചുവീണ നാലുവയസ്സുകാരനായ യദുകൃഷ്ണൻ ആരുടെയും ശ്രദ്ധയിൽപെടാതെ തോട്ടിലെ വെള്ളത്തിൽ മുങ്ങിക്കിടന്നത് നാലുമണിക്കൂർ. ഒടുവിൽ ഫയർഫോഴ്സ് എത്തി കണ്ടെടുക്കുമ്പോൾ ആ കുഞ്ഞുശരീരത്തിൽനിന്ന് ജീവൻ അകന്നിരുന്നു.

കരിമാൻതോട് തൂമ്പാകുളത്ത് ഓട്ടോ തോട്ടിൽ മറിഞ്ഞാണ് ദാരുണാപകടം. ഇന്ന് വൈകീട്ട് 4.30ഓടെയായിരുന്നു അപകടം. കോന്നി കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദി ലക്ഷ്മി (എട്ട്), യദുകൃഷ്ണൻ (നാല്) എന്നിവരാണ് മരിച്ചത്.

ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഫയർഫോഴ്സ് മടങ്ങിപ്പോയ ശേഷമാണ് യദുകൃഷ്ണനെ കാണാനില്ലെന്ന വിവരം അറിയുന്നത്. യദുകൃഷ്ണൻ ഓട്ടോയിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. കുട്ടിക്കായി അപകട സ്ഥലത്ത് ആദ്യം തെരച്ചിൽ നടന്നില്ല. പിന്നീട് ആശുപത്രികളിലൊന്നും കുട്ടിയെ എത്തിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഫയർഫോഴ്സ് തിരിച്ചെത്തി വീണ്ടും തെരച്ചിൽ നടത്തിയത്. മൃതദേഹം രാത്രി 8.15 ഓടെയാണ് അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. പാറകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വഴിയിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ഓട്ടോ വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. സ്‌കൂൾ വിട്ടശേഷം വിദ്യാർഥികളുമായി പോവുകയായിരുന്നു ഓട്ടോ. മൂന്ന് കുട്ടികളടക്കം അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് കൊണ്ടുവന്നത്. ഡ്രൈവറെ കൂടാതെ അഞ്ച് കുട്ടികളും ഒരു കുട്ടിയുടെ മാതാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്

തലക്ക് സാരമായി പരിക്കേറ്റ ഒരു കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് പരിക്കുള്ള മറ്റൊരു കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഒരു കുട്ടിക്ക് നിസാര പരിക്കാണുള്ളത്. ഡ്രൈവറുടെയും സ്ത്രീയുടെയും പരിക്ക് സാരമുള്ളതല്ല.

റോഡിൽ പാമ്പിനെ കണ്ട ഡ്രൈവർ പെട്ടെന്ന് വാഹനം തിരിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ ഓട്ടോറിക്ഷ തകർന്നു.

Tags:    
News Summary - konni auto rickshaw accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.