കേന്ദ്ര അന്വേഷണ ഏജൻസികൾ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായെന്ന് കോടിയേരി

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫ് ഫ്ലാറ്റ് പദ്ധതിയിലെ സി.ബി.ഐ ഇടങ്കോലിടലിന് പിന്നില്‍ ഇതാണ്. തൃശൂരിലെ സനൂപിന്‍റെ കൊലപാതകികളെ ന്യായീകരിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേവാദം ഉന്നയിക്കുന്നു. സി.പി.എം തിരിച്ചടിക്കാത്തത് പ്രതികരിക്കാനുള്ള ശക്തി നഷ്ടപ്പെട്ടത് കൊണ്ടല്ലെന്നും പാർട്ടി മുഖപത്രത്തില്‍ 'കൊലപാതക രാഷ്ട്രീയ മുന്നണി' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.

കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടിരിക്കുകയാണ്. തൃശൂരിലെ സനൂപ് അടക്കം 40 ദിവസത്തിനിടെ നാല് ചെറുപ്പക്കാരെയാണ് കമ്യൂണിസ്റ്റ് വിരുദ്ധ അക്രമിസംഘം കശാപ്പ് ചെയ്തത്. ഈ സംഭവങ്ങളെല്ലാം സമാനമാണ്. കൂടാതെ ആര്‍.എസ്.എസ് -ബി.ജെ.പി- കോണ്‍ഗ്രസ്- മുസ്‍ലിം ലീഗ് എന്നിവർ കൊലയാളികളെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടുമാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിന്‍റെ താക്കോല്‍ നായകന്മാര്‍ സത്യത്തില്‍ നരേന്ദ്ര മോദിയും അമിത്ഷായുമാണെന്നും കോടിയേരി പറയുന്നു.

ഇക്കൂട്ടരുടെ ഗ്രാന്‍റ് ഡിസൈനാണ് ഈ കോവിഡ് കാലത്തും സര്‍ക്കാറിനെതിരെ പുത്തൻ രീതിയില്‍ വിമോചന സമരത്തെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്. ഇതിനായി നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തും കേന്ദ്ര ഏജന്‍സികളുടെ വരവും രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സി ഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്നാണ് ലൈഫ് പദ്ധതിയിലെ സി.ബി.ഐയുടെ ഇടങ്കോലിടല്‍ വ്യക്തമാക്കുന്നത്. അതിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുചേര്‍ന്നിരിക്കുന്നതായും ലേഖനത്തിലൂടെ കോടിയേരി ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.