തിരുവനന്തപുരം: കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലാപത്തിനുളള ആഹ്വാനമാണ് ബി.ജെ.പി നേതാവ് നടത്തിയത്. പ്രകോപനപരമായ പ്രസ്താവന നടത്തിയ നേതാവിനെതിരെ കേസെടുക്കണം.
സി.പി.എം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടിയേരി പറഞ്ഞു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നാണ് ബിജെപി നേതാവ് സരോജ് പാണ്ഡെ പറഞ്ഞത്. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭ എം.പിയുമാണ് സരോജ് പാണ്ഡെ. സി.പി.എമ്മിന്‍റെ ആക്രമണങ്ങളെ തുറന്നു കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നതെന്നും വൈകാതെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നുമായിരുന്നു സരോജ് പാണ്ഡെയുടെ പ്രകോപനപരമായ പ്രസ്താവന. കേരളവും ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.