തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫീസിൽ ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ കുഴൽപ്പണം എത്തിയെന്ന് വെളിപ്പെടുത്തിയ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ രഹസ്യ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. വൈകിട്ട് നാലിന് രഹസ്യ മൊഴി രേഖപ്പെടുത്താൻ കുന്നംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി സതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വിവാദമായ കൊടകര കുഴൽപ്പണ കേസ് അന്വേഷണം മരവിപ്പിൽ നിൽക്കുമ്പോഴാണ് അടുത്തിടെ മാധ്യമങ്ങളിലൂടെ സതീഷിന്‍റെ വെളിപ്പെടുത്തൽ ഉണ്ടായത്. ഒമ്പത് കോടി രൂപ എത്തിയെന്നും താൻ അടക്കമുള്ളവരാണ് ചാക്കുകൾ ഓഫീസിലേക്ക് ചുമന്ന് കയറ്റിയതെന്നും പിന്നീട് ആ പണച്ചാക്കുകൾക്ക് കാവൽ ഇരുന്നുവെന്നും സതീഷ് പറഞ്ഞിരുന്നു. ഈ പണത്തിൽ ഒരു ഭാഗം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോഴാണ് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്തത്.
ഈ പണമത്രയും ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൊണ്ടുവന്നതാണെന്ന് കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നു. ഇതല്ലാതെ വേറെയും പണം വന്നതായും അതുമായി ബി.ജെ.പിക്ക് നേതാക്കൾക്ക് ബന്ധമുണ്ടെന്നും പൊലീസ് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിൽ പറഞ്ഞു. ഇതിന്മേൽ നടപടി ഇല്ലാതിരിക്കെയാണ് സതീഷിന്‍റെ വെളിപ്പെടുത്തൽ വന്നത്.
വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തിൽ കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ തീരുമാനിക്കുകയും അന്വേഷണ സംഘം രൂപവത്കരിക്കുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചതോടെ സതീഷിന്‍റെ വിശദമായ മൊഴിയെടുത്തു. തുടർ നടപടിയുടെ ഭാഗമായാണ് ഇപ്പോൾ മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
അന്ന് കൊണ്ടുവന്ന പണത്തിൽ ഒന്നര കോടിയോളം രൂപ ഒരു മാസം കഴിഞ്ഞ ബി.ജെ.പി തൃശൂർ ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ്മാ കുമാറിന്‍റെ കാറിൽ ഒരു ചാക്കിലും രണ്ട് ബിഗ് ഷോപ്പറിലുമായി കൊണ്ടുപോയിരുന്നുവെന്നും സതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.