കൊച്ചി: കപ്പൽ അപകടവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുകയും കേരളീയ സമൂഹത്തോട് നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ്. കപ്പൽ മുങ്ങിയതാണോ അതോ മുക്കിയതാണോ എന്ന സംശയം ബലപ്പെടുത്തുന്ന ചില കാര്യങ്ങൾ കൂടി പുറത്തു വന്നിരിക്കുകയാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെയും കണ്ടെയ്നറുകളിൽ ചരക്കു കൊണ്ടുവന്നവരെയും സംബന്ധിച്ചിടത്തോളം ദുരിതമൊഴിയുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ നഷ്ടപരിഹാരം കപ്പൽ കമ്പനിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ചേർന്ന് നൽകേണ്ടതാണെന്നും ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
തോട്ടപ്പള്ളിക്ക് 14.4 നോട്ടിക്കൽ മൈൽ അകലെ ശനി ഞായർ തീയതികളിൽ ആയി മുങ്ങിയ എൽസ ത്രീ എന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കപ്പലിന്‍റെ അപകടത്തെ സംബന്ധിച്ച ദുരൂഹത ഇനിയും മാറിയിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി 35നു മുകളിൽ കണ്ടെയ്നറുകൾ ആലപ്പുഴ കൊല്ലം തീരങ്ങളിലായി അടിഞ്ഞിട്ടുണ്ട്. അതിൽ ഭൂരിപക്ഷവും കാലി കണ്ടെയ്നറുകളാണ്. ചരക്കു കണ്ടെയ്നറുകൾ മുഴുവൻ മുങ്ങിപ്പോയിരിക്കുന്നു.
ഇത്തരത്തിൽ ഉള്ള ഒരു കപ്പൽ ഉണ്ടാക്കണമെങ്കിൽ അതിന് 400 കോടി രൂപയെങ്കിലും ചെലവ് വരും. കാലാവധി കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ട ഒരു കപ്പൽ ആണിത്, 28 വർഷം പഴക്കമുണ്ട്. ജപ്പാനിൽ 15 വർഷമാണ് കാലപരിധി. ഈ കപ്പൽ ഡ്രൈ ഡോക്ക് ചെയ്യാനും അടുത്ത ആഴ്ച മുതൽ പുതിയ ഒരു കപ്പൽ കൊണ്ടുവരുവാനും ഷിപ്പിങ് കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കപ്പൽ മുങ്ങിയിരിക്കുന്നത്. ഇവരുടെ ഇൻഡെമ്നിറ്റി ക്ലബ്ബുമായി ബന്ധപ്പെട്ട കോമ്പൻസേഷൻ കാര്യങ്ങൾ തീരുമാനിക്കുന്നതിനു ബ്രിട്ടാനിയ എന്ന ഇൻഷുറൻസ് കമ്പനിയെയാണ് എം.എസ്.സി. ചുമതലപ്പെടുത്തിയിട്ടുള്ളത്. അവർക്ക് ഇൻഷുറൻസ് ലഭിക്കും. അതേസമയം, പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലക്ക് ഒരു രൂപയുടെ പോലും ആനുകൂല്യം ലഭിക്കുകയുമില്ല. കശുവണ്ടി, ന്യൂസ് പ്രിൻറ്, കോട്ടൺ തുടങ്ങിയ ചരക്കുകളാണ് കണ്ടെയ്നറുകളിലുള്ളത് കപ്പൽ പൊക്കിയെടുക്കുക ദുഷ്കരമായ സാഹചര്യത്തിൽ ദൗത്യം ഉപേക്ഷിക്കാനുമിടയുണ്ട്.
കപ്പൽ മുങ്ങിയതാണോ അതോ മുക്കിയതാണോ എന്ന സംശയം ബലപ്പെടുത്തുന്ന ചില കാര്യങ്ങൾ കൂടി പുറത്തു വന്നിരിക്കുകയാണ്. ഒന്നാമതായി കപ്പലിന്റെ ഫിറ്റ്നസ് സംബന്ധിച്ചതാണ്. ഒരു ചരക്ക് കപ്പലിനെ ബാലൻസ് ചെയ്യണമെങ്കിൽ മുകളിലും താഴെയുമുള്ള ഭാരം ക്രമീകരിക്കുകയും അത് പരിശോധിച്ചു റിപ്പോർട്ട് ചെയ്യണം. ബെല്ലാസ്റ്റിൻ എന്നാണിതിനെ പറയുന്നത്. മുകളിൽ മുകളിൽ ഭാരം കൂടുതൽ ഉണ്ടെങ്കിൽ താഴെ ബാലൻസ് ചെയ്യാൻ ടാങ്കറുകളിൽ വെള്ളം നിറക്കും. വെള്ളം നിറക്കുന്ന മോട്ടോറുകൾ പ്രവർത്തനക്ഷമമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. അത് ഉണ്ടായിട്ടില്ല. കപ്പൽ പുറപ്പെടുന്നതിനു മുൻപ് മറക്കന്‍റൈൽ മറൈൻ ഡിപ്പാർട്ട്മെൻറ് പരിശോധിച്ചു റിപ്പോർട്ട് ചെയ്യണം. അതുണ്ടായിട്ടില്ല നാളിതുവരേയായിട്ടും അവർ കേരളീയ സമൂഹത്തെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണ്. ഓടാൻ ഫിറ്റാണോ ഇല്ലയോ എന്നത് പരിശോധിച്ചു റിപ്പോർട്ട് ചെയ്യേണ്ടതും എം.എം.ഡി.യും ഹാർബർ മാസ്റ്ററുമാണ്. അതിനെക്കുറിച്ച് വ്യക്തതയില്ല. 26 ഡിഗ്രി മാത്രം ചെരിഞ്ഞ ഒരു കപ്പൽ 12 മണിക്കൂറിനകം മുങ്ങിയതും പരിശോധിക്കണം സാധാരണകപ്പലുകൾ 15 മീറ്റർ വരെ തിര ഉയരുന്ന മെഡിറ്ററേനിയൻ കടലിൽ പ്രവർത്തിക്കാവുന്ന തരത്തിലാണ് നിർമിക്കുക.
623 കണ്ടെയ്നറുകൾ ആണ് കപ്പലിൽ ഉള്ളത്. കയറ്റുമ്പോൾ തന്നെ ഇതു സംബന്ധമായ ബില്ലുകളും നൽകേണ്ടതുണ്ട്. അദാനി കമ്പനിക്കും കസ്റ്റംസിനും ഇതിനുള്ള ഉത്തരവാദിത്തമുണ്ട്. ചരക്കുകളുടെ ഉള്ളടക്കം അതിൽ നിന്ന് വ്യക്തമാവുകയും ചെയ്യും. രാസപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിനു കപ്പലിലും തുറമുഖത്തുമുള്ള പ്രോട്ടോക്കോളും പാലിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണം. കൊച്ചി തുറമുഖത്ത് 170 കണ്ടെയ്നറുകൾ ഇറക്കാനും അതിനുശേഷം അവിടെ നിന്നും 200ഓളം കണ്ടെയ്നറുകൾ കയറ്റാനുമാണ് തീരുമാനം എന്നിട്ട് കപ്പൽ തൂത്തുക്കുടിക്ക് പോകേണ്ടതാണ്. വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെടേണ്ട കപ്പൽ 20 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത് എന്നതും പരിശോധിക്കേണ്ടതാണ്.
ഫ്ലാഗ് ഓഫ് കൺവീനിയൻ സിനായി കപ്പൽ ലൈബീരിയയിലാണ് രജിസ്റ്റർ ചെയ്തത് എന്നതും പരിശോധിക്കണം. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കപ്പലിൽ നിന്നും പുറത്തുവന്ന കാർബൈഡുകൾ ഇപ്പോൾ തന്നെ കടലിൽ ലയിച്ച് ചേർന്നിട്ടുണ്ടാകണം. ദശാംശം ഏഴു കിലോമീറ്റർ വിസ്തൃതിയിൽ പരന്നിരിക്കുന്ന എണ്ണപ്പാട ഒതുക്കി നിർത്താനും പരക്കാതിരിക്കാനും ആയി ഓയിൽ സ്പിൽ ഡിസ്പേഴ്സൻറ് ആയ രാസവസ്തുക്കളും ആയി ഡോർണിയർ വിമാനങ്ങളും ഐ.സി.ജി.എസ് സമുദ്ര പ്രഹരിയും സ്ഥലത്തുണ്ട് .എന്നാലും മത്സ്യത്തൊഴിലാളികളുടെയും മേഖലയുടെയും ആശങ്ക ഒഴിയുന്നില്ല. കാൽസ്യം കാർബൈഡ് അടക്കമുള്ള മലിനീകരണ വസ്തുക്കൾ ഇതിനകം കടലിൽ ലയിച്ചു ചേർന്നിട്ടുണ്ട്. മത്സ്യബന്ധന മേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.
ദീർഘകാലത്തെ വരൾച്ചക്കു ശേഷം, കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് ലഭിക്കുന്ന മത്തി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതാകട്ടെ, നേർത്ത് പോവുകയും ചെറുതായി പോവുകയും ചെയ്തിരിക്കുകയാണ്. ഇപ്പോൾ കാലവർഷം സജീവമാവുകയും മത്തി മുഴുത്തു വരികയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഇത് മത്സ്യമേഖലയെ പൂർണമായും തകർക്കും. വിപണിയേയും ബാധിക്കും. ഇപ്പോഴുള്ള മത്സ്യബന്ധന നിരോധനം കഴിഞ്ഞാലും മത്സ്യമേഖല സജീവമാകാത്ത ഒരു സാഹചര്യമാണുള്ളത്. കപ്പൽ കമ്പനിയും തൊഴിലാളികളും നഷ്ടപരിഹാരം വാങ്ങി തിരിച്ചു പോകും. പക്ഷേ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളവും, കണ്ടെയ്നറുകളിൽ ചരക്കു കൊണ്ടുവന്നവരെ സംബന്ധിച്ചിടത്തോളവും ഉള്ള ദുരിതമൊഴിയുന്നില്ല. അവർക്ക് ആവശ്യമായ നഷ്ടപരിഹാരം കമ്പനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ചേർന്ന് നൽകേണ്ടതാണ്.
ഈ വിഷയത്തെ ഇത്രത്തോളം ഗൗരവമാക്കിയത് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ പ്രസ്താവനകളുമാണ് ആയതുകൊണ്ട് ഈ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കേരളീയ സമൂഹത്തോട് ഇതിൻറെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. നാളെ ഫിഷറീസ് മന്ത്രി ട്രോൾ ബാനുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് വിളിച്ചു ചേർക്കുന്ന യോഗത്തിൽ ഈ വിഷയവും ചർച്ച ചെയ്യും. ലോകത്തെ അപൂർവ പ്രതിഭാസമായ ചാകര പ്രത്യക്ഷപ്പെടുന്ന ഒരു മേഖലയിലാണിത് സംഭവിച്ചതെന്നതും, കേരളത്തിൽ ഏറ്റവും കൂടുതൽ യാനങ്ങൾ പ്രവർത്തിക്കുന്ന കൊല്ലം ബാങ്കിലാണു ണ്ടായിട്ടുള്ളതെന്നതും പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുന്നു മുണ്ട്. ഇത്രയും ദിവസമായിട്ടും ഷിപ്പിങ് കമ്പനി പുലർത്തുന്ന നിശബ്ദതയും ദുരൂഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.