മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും, കുടുംബാംങ്ങളുടേയും സ്വത്ത് വിവരം വെളിപ്പെടുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. സര്‍ക്കാര്‍ വെബ്‍സൈറ്റില്‍ സ്വത്ത് വിവരം പ്രസിദ്ധീകരിക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഗവര്‍ണ്ണറെ സ്വത്ത് വിവരങ്ങള്‍ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്‍റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. രണ്ടാം ഘട്ടത്തിന് 2310 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട കണ്ണൂര്‍ ചെമ്പിലോട് കുടിവളപ്പ് വീട്ടില്‍ സതിയുടെ മകന്‍ രതീഷ്, വളപ്പട്ടണം മന്ന വി.പി. ഹൗസിലെ മുനീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാനും തീരുമാനമായി. ഈ കുടുംബങ്ങള്‍ക്ക് നേരത്തെ രണ്ടു ലക്ഷം രൂപ വീതം നല്‍കിയിരുന്നു. വൃത്തിഹീനമായ തൊഴില്‍ചെയ്യുമ്പോള്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരം പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അതനുസരിച്ചാണ് ബാക്കി എട്ടു ലക്ഷം രൂപ കൂടി അനുവദിക്കുന്നത്. 


മറ്റു മന്ത്രിസഭാ തീരുമാനങ്ങൾ:

  • മഴ മാറി വെള്ളം ഇറങ്ങുമ്പോള്‍ സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ ശുചീകരണം നടത്തുന്നതിന് സ്വന്തം ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം അനുവദിക്കാന്‍ തീരുമാനിച്ചു. 
  • കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി എന്നീ സാംസ്കാരിക സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ഏകീകൃത നിരക്കില്‍ വേതനം നശ്ചയിച്ചു. 2018 ഏപ്രില്‍ ഒന്നു മുതല്‍ 50,000 രൂപ പ്രതിമാസം വേതനം നല്‍കാനാണ് തീരുമാനം. 
  • ടെലികോം സേവനദാതാക്കള്‍ക്കും അടിസ്ഥാനസൗകര്യ വികസനം നടത്തുന്ന ഏജന്‍സികള്‍ക്കും റോഡിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് എല്ലാ അനുമതികളും ലഭ്യമാക്കാന്‍ ഏകജാലക വെബ്പോര്‍ട്ടല്‍ ഏര്‍പ്പെടുത്താന്‍ ഐടി മിഷനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. കേബിള്‍ ഇടാന്‍ അനുമതി ചോദിക്കുന്ന കമ്പനി തന്നെ റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
  • കേരള വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു. 
  • ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 1.65 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചത് സാധൂകരിക്കാന്‍ തീരുമാനിച്ചു. 
  • 'ശ്രം സുവിധ' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വയം സാക്ഷ്യപ്പെടുത്തല്‍ വ്യവസ്ഥ ബാധകമാക്കാന്‍ തീരുമാനിച്ചു. 
  • മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ട്രിബ്യൂണലില്‍ നിലവിലുളള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും. 2011-ലാണ് മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ട്രിബ്യൂണല്‍ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം കുറവാണ്. ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ടു പ്രകാരം 42 കേസുകളാണ് ഇതുവരെ തീര്‍പ്പാക്കിയത്. ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന രീതിയിലല്ല ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. 

തസ്തികകള്‍ സൃഷ്ടിച്ചു

  • ബാര്‍ട്ടന്‍ ഹില്‍ തിരുവനന്തപുരം,  ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ അധ്യാപകരുടെ 92 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 
  • തിരുവനന്തപുരം ജില്ലയിലെ പാറശാല മണ്ഡലത്തില്‍ ഇടഞ്ഞിയില്‍ ശാന്തോം മലങ്കര ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് എന്ന പേരില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു പ്രിന്‍സിപ്പലിന്‍റെയും മൂന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെയും തസ്തികകള്‍ അനുവദിക്കും. 
  • കരുനാഗപ്പള്ളി തഴവ ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരുടെ 4 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 
Tags:    
News Summary - Kochi Metro Second Part Cabinet Decisions-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.