കൊച്ചി: സെൻറ് തെരേസാസ് കോളജിലേക്ക് പ്രണയദിനറാലി നടത്താനുള്ള എറണാകുളം ലോ കോളജ് വിദ്യാർഥികളുടെ ശ്രമം പൊലീസ് തടഞ്ഞു. തുടർന്ന് വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫ്രാൻസ് സ്വദേശി ആൽബെൻ അല്ഡവാത്ത്, ഇംഗ്ലണ്ട് സ്വദേശി ഡെറിക് ഡാൻലി എന്നിവരെ കസ്റ്റഡിയിലെടുത്തു. വിദേശ പൗരന്മാരുടെ കേസുകളുടെ നടപടിക്രമങ്ങൾക്കായുള്ള പ്രത്യേക വിഭാഗത്തിൽ ഇവരെ ഹാജരാക്കി.
ലോ കോളജ് വിദ്യാർഥികളുടെ സംഘടനയായ ലോകോസാണ് വലൈൻറൻസ് ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. റാലിക്കൊടുവിൽ തൊട്ടടുത്ത വനിതാ കോളജിലെ 3000 പെൺകുട്ടികൾക്ക് പൂക്കൾ നൽകി പ്രണയാഭ്യർഥന നടത്താനായിരുന്നു പദ്ധതി. എന്നാൽ, റാലിക്ക് അനുമതിയില്ലെന്ന് ലോ കോളജ് പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചു. മാർച്ചിനെക്കുറിച്ച് പൊലീസിനെയും അറിയിച്ചിരുന്നില്ല. കാമ്പസിലെത്തിയ പൊലീസ്, മാർച്ച് അനുവദിക്കില്ലെന്ന് അറിയിച്ചതോടെ വിദ്യാർഥികൾ പൊലീസിനെതിരെ മുദ്രാവാക്യം വിളി ആരംഭിക്കുകയും പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചെയ്തു.
കോളജിനുള്ളിൽ കയറി മർദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇത് തടഞ്ഞ പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഈസമയം അവിടെയുണ്ടായിരുന്ന രണ്ട് വിദേശ പൗരന്മാർ മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെെട്ടങ്കിലും തിരിച്ചറിയൽ രേഖകളുണ്ടായിരുന്നില്ല. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ലോ കോളജിൽ പഠിപ്പുമുടക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.