പ്രതി മാർട്ടിൻ ജോസഫ്, പീഡനത്തിനിരയായ യുവതി

കൊച്ചി ഫ്ലാറ്റിലെ പീഡനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിനെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. അന്വേഷണത്തിനായി കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് എറണാകുളം മറൈന്‍ ​ഡ്രൈവിലെ ഫ്ലാറ്റിൽ ലൈംഗിക, ശാരീരിക പീഡനങ്ങൾക്കിരയായത്. പരാതി നല്‍കി രണ്ടുമാസമായിട്ടും പ്രതിയെ അറസ്​റ്റ്​ ചെയ്തില്ലെന്ന വിവരം പുറത്തുവന്നതോടെ പൊലീസിനെതിരെ വലി‍യ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ടുവരെയാണ്​ പീഡനം നടന്നത്. എറണാകുളത്ത് ജോലി ചെയ്ത് വരുമ്പോഴാണ് യുവതിയും തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫും പരിചയപ്പെടുന്നത്. മാസം 40,000 രൂപ വീതം തിരിച്ചുനല്‍കാമെന്ന ഉറപ്പിൽ പ്രതി യുവതിയിൽനിന്ന് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ, പണം തിരികെ കിട്ടിയില്ല.

പരിചയം മുതലാക്കി യുവതിയെ ഫ്ലാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്ലാറ്റിന് പുറത്തുപോകുകയോ വിവരം പുറത്തുപറയുകയോ ചെയ്താല്‍ വിഡിയോ പുറത്തുവിടു​െമന്ന്​ ഭീഷണിപ്പെടുത്തി. കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക എന്നിങ്ങനെ ശാരീരികമായ അതിക്രമങ്ങളുമുണ്ടായിരുന്നു.

പിന്നീട് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോള്‍ യുവതി ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം പുറത്തു പറയേണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും പ്രതി ഭീഷണി തുടർന്നതോടെ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകി. ഇതറിഞ്ഞ്​ പ്രതി വീണ്ടും ഭീഷണി മുഴക്കി. നിലവില്‍ പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.

പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് യുവാവിനെ കസ്​റ്റഡിയിലെടുക്കാൻ ഫ്ലാറ്റിലെത്തിയെങ്കിലും അവിടെനിന്ന് കടന്നിരുന്നു. തൃശൂരിലെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കോവിഡും ലോക്ഡൗണ്‍ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാലാണ് പ്രതിയെ അറസ്​റ്റ്​ ചെയ്യാനാകാത്തതെന്നാണ് പൊലീസ് യുവതിക്ക് നല്‍കുന്ന വിശദീകരണം. പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. 

Tags:    
News Summary - Kochi flat sexual harassment case; Lookout notice for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.