കൊച്ചി: കൊച്ചി-ധനുഷ്കോടി (എൻ.എച്ച് -85) ദേശീയപാതയിൽ വനമേഖലയിൽ ഉൾപ്പെടുന്ന ഭാഗത്തെ വീതികൂട്ടൽ പ്രവർത്തനങ്ങൾ വിലക്കാൻ നിർദേശിച്ച് ഹൈകോടതി. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കി.മീറ്റർ ഭാഗം വീതികൂട്ടുന്ന പ്രവർത്തനങ്ങൾ നിർത്താൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഈ ഭാഗം വനമേഖലയിൽ ഉൾപ്പെട്ടതാണെന്ന് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാതെ ഈ മേഖലയിൽ ദേശീയപാത വീതികൂട്ടുന്ന ജോലികൾ വിലക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രൻ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ചീഫ് സെക്രട്ടറിക്കുവേണ്ടി അഡീ. ചീഫ് സെക്രട്ടറി മാർച്ച് 27ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബന്ധപ്പെട്ട മേഖല നിക്ഷിപ്ത വനഭൂമിയാണെന്ന് പറയുന്നതായി ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ ഇവിടെ വനേതര പ്രവർത്തനങ്ങൾ നടത്താനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിർമാണപ്രവൃത്തി നടക്കുന്ന ഭാഗം വനഭൂമിയുടെ പരിധിയിൽ വരുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്ന സാഹചര്യം വിലയിരുത്തിയാണ് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയത്. ഇക്കാര്യത്തിൽ വെള്ളിയാഴ്ചതന്നെ ഉത്തരവിടാനും നിർദേശിച്ചു. സർക്കാർ നിലപാടിന് എതിരായി പ്രവർത്തിച്ച സർക്കാറിന്റെയും ദേശീയപാത അതോറിറ്റിയുടെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.
അനുമതി ലഭിച്ചതിനെക്കാൾ കൂടുതൽ മേഖലയിൽ നടത്തിവരുന്ന പ്രവൃത്തി നിർത്തിവെക്കാൻ നിർദേശം നൽകിയതായി ദേശീയപാത അതോറിറ്റിയും അറിയിച്ചു. അനുമതി ലഭിച്ചതിനേക്കാളധികം മരങ്ങൾ ദേശീയപാത അതോറിറ്റി വെട്ടുന്നുണ്ടെന്നും സർക്കാർ നിലപാട് തള്ളിയാണ് ഇടുക്കി കലക്ടർ മരം മുറിക്കാനുള്ള അനുമതി നൽകിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് ദേശീയപാത അതോറിറ്റിയും വനം വകുപ്പും സ്വീകരിച്ചത്. സർക്കാറും ഉദ്യോഗസ്ഥരും രണ്ട് നിലപാട് സ്വീകരിച്ചത് കോടതിയലക്ഷ്യമാണോയെന്നതിൽ പരിശോധന വേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.