ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ജയിലിന് പുറത്തിറങ്ങിയപ്പോൾ

കാപ്പ തടങ്കൽ റദ്ദായി; ജയിലിന് പുറത്തിറങ്ങി ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ

തിരുവനന്തപുരം: കാപ്പ തടങ്കൽ ഹൈകോടതി റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ജയിൽമോചിതനായി. കാപ്പ റദ്ദാക്കിയ ഉത്തരവുമായി സുഗതന്റെ ഭാര്യ ജി.ആർ. അശ്വതി ജയിലിൽ എത്തിയതിന് പിന്നാലെയാണ് സുഗതൻ പുറത്തിറങ്ങിയത്. കാവി ഷാൾ അണിയിച്ച് സുഗതനെ സ്വീകരിച്ച ബി.ജെ.പി പ്രവർത്തകർ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു.

ഒപ്പം നിന്ന സംഘടനക്കും പ്രവർത്തകർക്കും നന്ദി പറയുന്നതായി പുറത്തിറങ്ങിയ സുഗതൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നാലു മാസം ജയിലിലായിരുന്ന തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടിയാണ്. പൊലീസുകാർ വിചാരിച്ചാൽ ഇത്രയും കാലം ജയിലിൽ കിടക്കാമെന്നതിന്റെ തെളിവാണ് താൻ. ജനങ്ങൾക്കു വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ. സംഘടനക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടിയാണ് ജയിലിൽ കിടന്നത്. ഇനിയും ജയിലിൽ കിടക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

സുഗതന് എതിരായ കാപ്പ കേസിലെ കരുതൽ തടങ്കലാണ് ഇന്ന് ഹൈകോടതി റദ്ദാക്കിയത്. സുഗതന്റെ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കരുതൽ തടങ്കലിൽവെക്കാൻ ഉത്തരവിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുഗതനെതി​രായ നടപടി.എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019 മുതൽ 2026 വരെയുള്ള കാലയളവിൽ വധശ്രമം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അദ്ദേഹം. ഈ കേസുകൾ എല്ലാം നിലനിൽക്കെയാണ്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതൻ ബി.ജെ.പി സ്ഥാനാർഥിയായി വാഴോട്ടുകോണം ഡിവിഷനിൽ മത്സരിച്ചു ജയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.