ഗ്യാനേഷ് കുമാർ
ഗ്യാനേഷ് കുമാറിന് ‘ക്ലീൻചിറ്റ്’ റിപ്പോർട്ട്: വിശദമായി പരിശോധിച്ച് വിജിലൻസ്
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി അഴിമതി സംബന്ധിച്ച പുനരന്വേഷണത്തിൽ കരുതലോടെ വിജിലൻസ്. 2007ൽ തീർപ്പാക്കിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശാനുസരണം കഴിഞ്ഞദിവസം വിജിലൻസ് സ്പെഷൽ യൂനിറ്റ് ഒന്നിൽനിന്ന് കണ്ടെടുത്തിരുന്നു. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ പഴയ റിപ്പോർട്ട് വിശദമായി പരിശോധിക്കാൻ വിജിലൻസ് ഡയറക്ടർ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പിക്ക് നിർദേശം നൽകി.
ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ പുനരന്വേഷണ സാധ്യതയുണ്ടോയെന്ന റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. അതിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധന തുടരുകയാണ്. ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത് മുതൽ സംസ്ഥാന സർക്കാറിന്‍റെ നീക്കം രാജ്യശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആ സാഹചര്യത്തിൽ അന്വേഷണത്തിൽ പോരായ്മകളൊന്നുമുണ്ടാകാത്ത നിലയിൽ മുന്നോട്ട് പോകാനാണ് ആഭ്യന്തരവകുപ്പ് ഉദ്ദേശിക്കുന്നത്. 2007ൽ തീർപ്പാക്കിയ ഫയൽ വീണ്ടും തുറക്കുമ്പോൾ വിജിലൻസിന് മുന്നിൽ കടമ്പകളേറെയാണ്.
പതിബെൽ കമ്പനിയുടെ പ്രോജക്ട് ഡയറക്ടർ ലീ സീ ബിൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച അഴിമതിയിലാണ് അന്വേഷണം. മരണത്തെ കുറിച്ച് വിജിലൻസിന് അന്വേഷിക്കാൻ പരിമിതിയുണ്ട്. അഴിമതിയിൽ മാത്രമാണ് അന്വേഷണം. അന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ഗ്യാനേഷിനെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്ന് എഴുതി അന്വേഷണം അവസാനിപ്പിച്ച ഫയലാണ് വിജിലൻസ് വീണ്ടും തുറന്നത്. അന്ന് വിജിലൻസ് രേഖപ്പെടുത്തിയ മൊഴികളും പരിശോധിക്കുന്നുണ്ട്. പൊതുഭരണ-ധനവകുപ്പിലെയും കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെയും മൊഴികളുണ്ട്. പതിബെല്ലിന്‍റെ പ്രതിനിധികളുടെ മൊഴിയും ഇതിലുണ്ട്.
എന്നാൽ ആത്മഹത്യ ചെയ്ത ലീ സി ബിൻ അഴിമതി ചൂണ്ടികാട്ടി എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് അന്നും വിജിലൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നില്ല. ഈ കത്ത് ലഭിക്കാൻ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്‍റെ കാലത്ത് ശ്രമം നടത്തിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ബില്ലുകള്‍ മാറുന്നതിലെ കാലതാമസത്തെ കുറിച്ച് പതിബെൽ പ്രതിനിധികൾ മൊഴിയിൽ പറയുന്നുണ്ടെന്നാണ് വിവരം. എന്നാൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ആ ആരോപണങ്ങളെ മറികടന്നിട്ടുമുണ്ട്. പഴയ റിപ്പോർട്ട് പരിശോധിച്ച ശേഷം അന്ന് മൊഴി നൽകിയ എല്ലാവരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നാണ് വിവരം. അതിനിടെ ഗ്യാനേഷ്കുമാറിനെതിരെ അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടിവരുമെന്നും വിജിലൻസ് കണക്കുകൂട്ടുന്നുണ്ട്. 20 വർഷത്തിന് ശേഷം പുനരന്വേഷണം നടത്തുന്നതിന് നിയമതടസ്സമില്ലെന്ന നിയമോപദേശമാണ് സർക്കാറിന് ലഭിച്ചിട്ടുള്ളത്. എന്നാലും വിജിലൻസും നിയമോപദേശം തേടിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.