മീറ്റർ റീഡർ സമരം നേരിടാൻ കെ.എസ്.ഇ.ബി; ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകാൻ നിർദേശം
തിരുവനന്തപുരം: കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മീറ്റർ റീഡർമാരുടെ സമരം നേരിടാൻ സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി). ജോലിയിൽ പ്രവേശിക്കാത്തവരുടെ കരാർ അവസാനിപ്പിക്കണമെന്ന് കാണിച്ച് ബോർഡ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സർക്കുലർ നൽകി.
ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കൾക്ക് ബിൽ നൽകാനാണ് നിർദേശം. സ്വയം മീറ്റർ റീഡിങ് നടത്താൻ അപേക്ഷ നൽകുന്ന ഉപഭോക്താക്കൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകും. മീറ്റർ റീഡർമാർക്ക് നൽകിയ യന്ത്രങ്ങൾ മടക്കിവാങ്ങാനും നിർദേശിച്ചു.
1800ഓളം മീറ്റർ റീഡർമാരാണ് അഞ്ച് ദിവസമായി സമരം തുടരുന്നത്. ഉപഭോക്താക്കൾക്ക് ബിൽ നൽകുന്നതടക്കം മുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ സംഘടനകളുമായി കെ.എസ്.ഇ.ബി ഡയറക്ടർമാർ ചർച്ച നടത്തിയെങ്കിലും ധാരണയായില്ല.
വേതനം വർധിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ബോർഡ്. വീടുകളിലെയും സ്ഥാപനങ്ങളിലെയും കണക്റ്റഡ് ലോഡ് സംബന്ധിച്ച പരിശോധനക്ക് പ്രത്യേക ആനുകൂല്യം നൽകാമെന്നും ഉറപ്പു നൽകിയിരുന്നു. ധാരണയാകാത്ത സാഹചര്യത്തിൽ സമരം തുടരുകയാണ്.
ഈ മാസം ഒന്നിനാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. നിലവില്‍ ചുരുക്കം ചില ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. അഞ്ച് ദിവസമായി മീറ്റര്‍ റീഡിങ് എടുക്കുന്നത് നിലച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ശമ്പള വര്‍ധനവ് കിട്ടിയിട്ട് നാല് വര്‍ഷമായെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ തന്നെ പുതിയ ജോലികള്‍ തങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കൃത്യസമയത്ത് ബില്‍ നോക്കി നല്‍കിയില്ലെങ്കില്‍ കെ.എസ്.ഇ.ബിക്കും ഉപയോക്താക്കള്‍ക്കും ഒരു പോലെ നഷ്ടമുണ്ടാകും.
സമരത്തെ സർക്കാർ അടിച്ചമർത്താനാണ് നോക്കുന്നതെന്ന് ഓൾ കേരള മീറ്റർ റീഡേഴ്സ് കൂട്ടായ്മയുടെ സ്റ്റേറ്റ് പ്രസിഡന്റ് കണ്ണൻ തലവടി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി തങ്ങളുടെ വേതനം വർധിപ്പിച്ചിട്ടില്ലെന്നും പലവട്ടം കെ.എസ്.ഇ.ബി മാനേജ്മെന്റിനും മുൻമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.