തിരുവനന്തപുരം: ഖനനം ഉൾപ്പെടെയുള്ള ചവറ കെ.എം.എം.എല്ലിന്റെ പ്രവർത്തനങ്ങൾ പ്രാദേശിക പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകാൻ തിരുവനന്തപുരത്ത് ചേർന്ന ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും സംയുക്ത യോഗം തീരുമാനിച്ചു.
കെ.എം.എം.എല്ലിന്റെ മൈനിങ്ങ് സൈറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മിനറൽ സെപ്പറേഷൻ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ നിയമിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കും. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ വ്യവസായവകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി.
രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപായി തൊഴിലാളി സംഘടനകളുമായി പ്രത്യേകയോഗം ചേരും.
നേരത്തെ മാലിന്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന ചിറ്റൂർ മേഖലയിലെ പ്രദേശങ്ങൾ വിലയ്ക്ക് വാങ്ങുന്നതിന് കമ്പനി സന്നദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നതിനായി കൊല്ലം കലക്ടറെ ചുമതലപ്പെടുത്തും. .
കോവിൽതോട്ടം മേഖലയിലെ മൈനിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർ ചർച്ചകൾക്കായി വീണ്ടും പ്രത്യേകയോഗം ചേരും. സ്കൂൾ, പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഈ യോഗത്തിൽ പരിഗണിക്കും. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളേയും ഈ യോഗത്തിൽ പങ്കെടുപ്പിക്കും.
നീണ്ടകരയിലെ മൈനിങ്ങ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, കെ.എൻ. ബാലഗോപാൽ, എൻ.കെ പ്രേമചന്ദ്രൻ എം.പി, സുജിത് വിജയൻപിള്ള എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ. എം.എം.എൽ എം.ഡി ചന്ദ്രബോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.