ആലപ്പുഴ നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ ബി.ജെ.പി ജില്ല സെക്രട്ടറിയും നൂറനാട് പഞ്ചായത്ത് അംഗവുമായ അഡ്വ. കെ.കെ. അനൂപിന്‍റെ കാൽ കഴുകി പൂജ നടത്തുന്നു

‘പാദപൂജ’യെ രൂക്ഷമായി വിമർശിച്ച് കെ.കെ. ശൈലജ; ‘വ്യക്തിത്വവും അവകാശവുമുള്ളവരാണ് കുട്ടികൾ’

കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍റെ ചില സ്കൂളുകളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച നടപടി ശരിയല്ലെന്ന് കെ.കെ. ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

മുതിർന്നവരെ പോലെ തന്നെ വ്യക്തിത്വവും അവകാശവുമുള്ളവരാണ് കുട്ടികളും. കുട്ടികളിൽ ശാസ്ത്രബോധവും സാമൂഹ്യ ഉത്തരവാദിത്വവും വളർത്തിയെടുത്തു കൊണ്ടാണ് നാളെയുടെ നല്ല പൗരന്മാരായി വാർത്തെടുക്കേണ്ടതെന്നും കെ.കെ. ശൈലജ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

‘പാദപൂജ’യെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽകഴുകിച്ച സംഭവം അപലപനീയമാണെന്നും വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാർഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

കാസർകോട് ബന്തടുക്കയിലെ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചതിന് പിന്നാലെ കണ്ണൂരിലും ആലപ്പുഴയിലും പാദപൂജ നടന്നിരുന്നു. ആലപ്പുഴ നൂറനാട്ട് ബി.ജെ.പി നേതാവി​ന്‍റെയും കാൽ കഴുകി.

വേദവ്യാസന്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്‌കൂൾ, കുറ്റ്യാട്ടൂർ ശ്രീ ശങ്കരാ വിദ്യാനികേതൻ, കൂത്തുപറമ്പ് അമൃത സ്കൂൾ എന്നിവിടങ്ങളിലാണ് പാദപൂജ നടന്നത്. കൂത്തുപറമ്പ് അമൃത സ്കൂളിൽ മുസ്‍ലിം വിദ്യാർഥിനികളെ തട്ടമിട്ട് പാദപൂജ ചെയ്യാൻ പാടില്ലെന്നു പറഞ്ഞ് സ്കൂൾ അധികൃതർ മാറ്റിനിർത്തിയതായി പറയുന്നു. രക്ഷിതാക്കളുടെ പാദപൂജയാണ് ഇവിടെ നടത്തിയത്.

ആലപ്പുഴ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആന്‍റ്​ സൈനിക സ്കൂളിലും നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലുമാണ് ഗുരുപൂർണിമ ദിനാഘോഷത്തിന്‍റെ ഭാഗമായി കാൽകഴുകൽ ചടങ്ങും പൂജയും നടന്നത്. വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ അധ്യാപകരോടൊപ്പം ബി.ജെ.പി ജില്ല സെക്രട്ടറിയും നൂറനാട് പഞ്ചായത്ത് അംഗവും കൂടിയായ അഡ്വ. കെ.കെ. അനൂപിന്റെ കാൽ കഴുകിയും പൂജ നടത്തുകയായിരുന്നു.

സംഭവം നടന്ന സ്കൂളുകളിൽ നിന്ന് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സ്വമേധയ കേസെടുത്ത ബാലാവകാശ കമീഷൻ, വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും പൊലീസിനോടും വിശദീകരണം തേടി.

Tags:    
News Summary - KK Shailaja react to 'Padapooja' Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.