കെ.കെ രാഗേഷ് എം.പി

'കർഷകർ സമരമുഖത്ത് മരിച്ചുവീണപ്പോൾ നിവരാത്ത സെലിബ്രിറ്റികളുടെ നട്ടെല്ലാണ് ഇപ്പോൾ നിവർന്നത്'

കർഷക വിരുദ്ധ ബില്ലിനെതിരെ സമരമുഖത്തുള്ള കർഷകർക്ക് ലോകരാജ്യങ്ങളിൽനിന്ന് പിന്തുണയേറുന്തിനിടെ കേന്ദ്ര സർക്കാറിന് അനുകൂലമായി കർഷകർക്കെതിരെ രംഗത്തുവന്ന സെലിബ്രിറ്റികൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രാഗേഷ് എം.പി.

ഇരുന്നൂറിലധികം കർഷകർ സമരമുഖത്ത് മരിച്ചുവീണപ്പോൾ നിവരാത്ത സെലിബ്രിറ്റികളുടെ നട്ടെല്ലാണ് ലോകം ഇപ്പേൾ നിവർന്നത്, സമാനതകളില്ലാത്ത അടിച്ചമർത്തലുകൾ ലോകത്തിന് മുന്നിൽ വാർത്തയായപ്പോൾ, ജനാധിപത്യത്തിൽ പ്രതീക്ഷയുള്ള, വിശ്വമാനവികതയിൽ വിശ്വാസമർപ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയർത്താൻ തുടങ്ങി. എന്നാൽ 'രാജ്യസ്‌നേഹം' അടക്കിനിർത്താനാവാതെ ചില 'ദൈവങ്ങൾ' പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നു. കൂടുതൽ പേർ ആ വഴിക്ക് ഇനിയും വരുമെന്ന് തന്നെ വിശ്വസിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കർഷക സമരമുഖത്ത് സജീവമായിരുന്ന രാഗേഷ് എം.പിക്ക് കഴിഞ്ഞ ജനുവരി 31ന് കോവിഡ് സ്ഥീരികരിച്ചതിനെതുടർന്ന് ചികിത്സയിലാണ്. പാർലമെന്‍റ് സമ്മേഷനത്തിന് മുന്നോടിയായി അംഗങ്ങൾക്ക് നടത്തിയ പരിശോധനയിലാണ് കെ. കെ രാഗേഷിന് രോഗം സ്ഥിരീകരിച്ചത്.

കെ.കെ രാഗേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പാദസേവകർ ക്രീസിലിറങ്ങുമ്പോൾ

രണ്ടരമാസത്തോളമായി ഇന്ത്യയിലെ കർഷകർ ഭരണകൂടത്തിന്‍റെ കോർപ്പറേറ്റ് അനുകൂല നിയമങ്ങൾക്കെതിരെ തെരുവിൽ സമരത്തിലാണ്. തികച്ചും സമാധാനപൂർണ്ണമായ പ്രതിഷേധം. ഇരുന്നൂറിലധികം പേർ സമരമുഖത്ത് മരിച്ചുവീണു. നിരവധി പേരുടെ ആത്മാഹുതികൾ സമരത്തെ ആളിക്കത്തിച്ചു.

ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഒരു തരിമ്പുപോലും പുറകോട്ടില്ലാതെ തലങ്ങും വിലങ്ങും സമരത്തെ അടിച്ചമർത്തുകയായിരുന്നു. വൃദ്ധരായ കർഷകരെപ്പോലും അതിക്രൂരമായി നേരിട്ടു. വലിയകിടങ്ങുകളും മുള്ളുവേലികളും ബാരിക്കേഡുകളും ഇരുമ്പാണികളും കൊണ്ട് ശത്രുസൈന്യത്തെയെന്നപോലെയാണ് കർഷകസമരത്തെ ഭരണകൂടം നേരിടുന്നത്. അപ്പോഴൊന്നും സെലിബ്രിറ്റികൾക്ക് നാവനങ്ങിയില്ല. നട്ടെല്ല് നിവർന്നില്ല.

ഒടുവിൽ സമാനതകളില്ലാത്ത അടിച്ചമർത്തലുകൾ ലോകത്തിന് മുന്നിൽ വാർത്തയായപ്പോൾ, ജനാധിപത്യത്തിൽ പ്രതീക്ഷയുള്ള, വിശ്വമാനവികതയിൽ വിശ്വാസമർപ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയർത്താൻ തുടങ്ങിയപ്പോൾ 'രാജ്യസ്‌നേഹം' അടക്കിനിർത്താനാവാതെ ചില 'ദൈവങ്ങൾ' പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നു.

കൂടുതൽ പേർ ആ വഴിക്ക് ഇനിയും വരുമെന്ന് തന്നെ വിശ്വസിക്കുന്നു. 'ഗോദിമീഡിയ'യെ എങ്ങിനെയാണോ സമരത്തിലുള്ള കർഷകർ അവഗണിക്കുന്നത്, അതുപോലെ തന്നെ ഇത്തരം ജല്പനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം, ഈ സമരം സിംഹാസനങ്ങൾ കീഴടക്കാനുള്ളതല്ല, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമാണ്.

Tags:    
News Summary - kk ragesh mp facebook post about farmers protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.