കിഫ്ബിയുടെ കൈത്താങ്ങിൽ കൊട്ടാരക്കരയും

നമ്മുടെ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.

മാന്ദ്യത്തിലാണ്ടുപോയ കേരള സമ്പദ് വ്യവസ്ഥയെ പ്രതിരോധിക്കുന്നതിനുപം സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമാണ് കിഫ്ബി അഥവാ കേരള ഇൻഫ്രാ സ്ട്രക്‌ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് രൂപീകരിച്ചത്. കേരളത്തിലെ എല്ലാ വകുപ്പുകളുടെയും വികസന പദ്ധതികൾ ചെന്നെത്തി നിൽക്കുന്നത് കിഫ്ബിയിലാണ്. അതുകൊണ്ട് തന്നെ കേരള വികസനത്തിൻറെ അടിസ്ഥാനമാണ് കിഫ്ബിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണ് കൊട്ടാരക്കര. കിഫ്ബിയുടെ വിവിധ പദ്ധതികൾക്കു കീഴിൽ മണ്ഡലത്തിന്റെ സമഗ്ര വികസനം പുരോഗമിക്കുന്നു. ആരോഗ്യ മേഖലയ്ക്കും പൊതുമരാമത്ത് ജോലികൾക്കും കൊട്ടാരക്കരയിൽ കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കല്ലടയാറിനു കുറുകെ ചെട്ടിയാരഴികത്ത് പാലം നിർമാണത്തിനു 10.18 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെയുള്ള പാലമാണിത്. കൊല്ലം ജില്ലയിലെ താഴത്ത് കുളക്കടയും പത്തനംതിട്ട ജില്ലയിലെ മണ്ണടിയും ബന്ധിപ്പിച്ചാണ് എംസി റോഡിനു സമാന്തരമായുള്ള പാലം.

ശാസ്താംകോട്ട കൊട്ടാരക്കര നീലേശ്വരം കോർട്ട് കോംപ്ലക്സ് റോഡിൻ്റെ വികസനം ഈ മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ മേഖലയിൽ സുപ്രധാനമാണ്. 20.80 കോടി രൂപ കിഫ്ബി വഴി ഇതിന് അനുവദിച്ചിട്ടുണ്ട്. നെടുമങ്കാവ് ആറിനു കുറുകെയുള്ള അറക്കക്കടവ് പാലത്തിന് 10.28 കോടി രൂപയും കിഫ്ബി ധനസഹായം നൽകി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 67.67 കോടി രൂപയുടെ ധനസഹായമാണ് കിഫ്ബി നൽകിയിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനായാണ് തുക വിനിയോഗിക്കുക.


Full View


രണ്ട് സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനമാണ് കിഫ്ബി ഫണ്ട് വഴി പ്രധാനമായും വിഭാവനം ചെയ്യുന്നത്. 1834ൽ കൊട്ടാരക്കരയിൽ സ്ഥാപിതമായ സ്കൂളാണ് ജിവിഎച്ച്എസ്എസ്. ഇതിന്റെ വികസനത്തിന് അഞ്ച് കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. പെരുംകുളത്ത് സ്ഥിതി ചെയ്യുന്ന ജിപിവി എച്ച്എസ്എസിന്റെ വികസനവും കിഫ്ബി ഫണ്ടിന്റെ കരുത്തിൽ പുരോഗമിക്കുന്നുണ്ട്.

Tags:    
News Summary - kiffbi developments in kottarakkara, kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.